

കൊച്ചി: മോന്സന് മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ. എറണാകുളം ജില്ലാ പോക്സോ കോടതിയാണ് പോക്സോ കേസില്‍ മോന്സന് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും പോക്സോ നിയമത്തിലേയും വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ. പോക്സോ കേസിലെ അഞ്ചാംവകുപ്പ് പ്രകാരവും ഐ.പി.സി 370, 376 വകുപ്പുകളിലും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.

പോക്സോ ആക്ട് അഞ്ച് പ്രകാരം അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ തുക കെട്ടിവച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. എല്ലാ വകുപ്പുകളിലും തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മോന്സന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. പുരാവസ്തു തട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് മോന്‍സനെതിരേ പോക്സോ പരാതിയുമായി ജീവനക്കാരിയും എത്തിയത്. മോന്‍സനെ ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. തുടര്‍ പഠനവും ഒപ്പം കോസ്മറ്റോളജിയും കൂടി പഠിപ്പിക്കാം എന്ന് വാഗ്ദാനം നല്കി പെണ്‍കുട്ടിയെ എറണാകുളത്തെ വീട്ടില്‍ താമസിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു.

മോന്‍സനെതിരേയുള്ള പതിനാറു കേസുകളില്‍ ആദ്യത്തെ വിധിയാണ് ഇത്. മോന്‍സനെതിരെ മറ്റൊരു ബലാത്സംഗകേസും നിലവിലുണ്ട്. മോന്‍സന്റെ മാനേജറായ ജോഷി ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു പോക്സോ കേസും നിലവിലുണ്ട്. ജോഷിയുടെ കേസില്‍ രണ്ടാം പ്രതിയാണ് മോന്സന്. ക്രെംബ്രാഞ്ച് ഡിവൈ.എസ്.പി. വൈ.ആര്.റസ്റ്റത്തിന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് ദ്രുതഗതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി മോന്‍സനെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
