

തിരുവനന്തപുരം: സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി തന്നെ നിയമിച്ചതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന് സൂചന. തന്നോട് ആലോചിക്കാതെ അധ്യക്ഷ സ്ഥാനം പ്രഖ്യാപിച്ചതില്‍ സുരേഷ് ഗോപിക്ക് നീരസമുണ്ടെന്നാണ് സുരേഷ് ഗോപിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കൂയെന്ന നിലപാടിലാണ് സുരേഷ് ഗോപി.

ഇക്കാര്യത്തില്‍ ബി.ജെ.പി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. ലോക്‌സഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെ തൃശൂര്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. തൃശൂരില്‍ത്തന്നെ മത്സരിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുരേഷ് ഗോപിയും ഒപ്പമുള്ളവരും.

കഴിഞ്ഞ തവണ തൃശൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത മഹാസമ്മേളനത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുമെന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ തൃശൂര്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച സുരേഷ് ഗോപി 2,93,822 വോട്ടുകള്‍ നേടിയിരുന്നു. കേരളത്തില്‍ ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍. രാജ്യസഭ എം.പിയെന്ന നിലയിലും സുരേഷ് ഗോപി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍, സുരേഷ് ഗോപിയെ ഒതുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണോ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനമെന്ന് അദ്ദേഹത്തിനൊപ്പമുള്ളവര്‍ സംശയിക്കുന്നു. മാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി വിവരം അറിഞ്ഞതെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. കേന്ദ്ര നേതൃത്വമെടുത്ത തീരുമാനമായതിനാല്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തി നിലപാട് വ്യക്തമാക്കും. കേന്ദ്രം തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സമൂഹ മാധ്യമം വഴി വിവരം പുറത്തുവിട്ടത്. 3 വര്‍ഷമാണ് അധ്യക്ഷ പദവിയുടെ കാലാവധി. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും അവര്‍ക്ക് ആശങ്കയുണ്ട്. കേന്ദ്ര നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ സുരേഷ് ഗോപി ഉന്നയിച്ചേക്കും. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന നിലയില്‍ നേരത്തെ പ്രചാരണമുണ്ടായെങ്കിലും സ്ഥാനം ലഭിച്ചില്ല.