Breaking News

കാനഡ ഖലിസ്ഥാന്‍ വാദികളോടുള്ള സമീപനം പുനഃപരിശോധിക്കണം: ശശി തരൂര്‍ എം.പി

തിരുവനന്തപുരം: കാനഡ ഗവണ്‍മെന്റ് ഖലിസ്ഥാന്‍ വാദികളോടുള്ള സമീപനം പുനഃപരിശോധിക്കണമെന്ന് ശശി തരൂര്‍ എം.പി. ഇന്ത്യ-കാനഡ പ്രതിസന്ധിക്ക് കാരണം കാനഡയിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും കാനഡയും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കാനഡയിലെ ഭരണകൂടം ഇത്തരത്തില്‍ പെരുമാറുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നു-തരൂര്‍ കൂട്ടിച്ചേര്‍ത്തു.

‘കാനഡയിലേക്കുള്ള കുടിയേറ്റക്കാര്‍ കനേഡിയന്‍ പൗരന്മാരായി മാറുകയും, അതേസമയം കനേഡിയന്‍ രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന പുതിയ പ്രതിഭാസമാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. മാതൃരാജ്യത്തിന് ഏതെല്ലാം വിധത്തില്‍ നാശമുണ്ടാക്കാം എന്നതിലാണ് അവരുടെ പൂര്‍ണ ശ്രദ്ധ. ഇത് വളരെ അപകടകരമായ നീക്കമാണ്. കൂടാതെ, ഈ ആളുകളോടുള്ള സമീപനം കാനഡയും പുനഃപരിശോധിക്കണം. എന്റെ അറിവുവച്ച്, കാനഡയില്‍ നടന്ന ആ കൊലപാതകത്തില്‍ ഏതെങ്കിലും ഇന്ത്യന്‍ ഏജന്‍സികള്‍ക്കു പങ്കുണ്ടെന്നതിന് യാതൊരു തെളിവുമില്ല. ഈ പറയുന്ന തീവ്രവാദ ഗ്രൂപ്പിന് നിരവധി വിഭാഗങ്ങളുണ്ട്. അവര്‍ ഇതര വിഭാഗത്തിലെ ആളുകളെ കൊലപ്പെടുത്തുകയാണ്. ഇന്നും ഒരാളെ കൊലപ്പെടുത്തിയിട്ടുണ്ട്’.

‘കാനഡയുമായുള്ള ബന്ധത്തിന് വലിയ വില കല്‍പ്പിക്കുന്നവരാണ് നമ്മള്‍. ആകെ 4 കോടി ജനസംഖ്യയുള്ള കാനഡയില്‍ 17 ലക്ഷം ഇന്ത്യക്കാരാണുള്ളത്. എതിര്‍പ്പുള്ള കാര്യങ്ങളില്‍ കനേഡിയന്‍ അധികൃതരെ പലപ്പോഴായി അതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും, അത് പരിധി വിടാന്‍ നാം ഇതുവരെ അനുവദിച്ചിട്ടില്ല. പക്ഷേ, അവരുടെ രാജ്യത്തു നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ യാതൊരു തെളിവുമില്ലാതെ ആരോപണം ഉന്നയിച്ചതോടെ, സത്യത്തില്‍ എനിക്കു ഞെട്ടലാണ് തോന്നിയത്’-തരൂര്‍ വിശദീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *