

ദില്ലി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങള്‍ തള്ളി സുപ്രീംകോടതി എം.ശിവശങ്കറിന് ജാമ്യം അനുവദിച്ചു. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ശസ്ത്രക്രിയ നടത്താമെന്ന് ഇ.ഡി വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ലൈഫ് മിഷന്‍ കേസില്‍ ആറ് മാസമായി ജയിലില്‍ കഴിയുകയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. സാക്ഷികളെ കാണുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന കര്‍ശന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. കസ്റ്റഡിയില്‍ തുടരുമ്പോള്‍ തന്നെ ശിവശങ്കര്‍ നിശ്ചയിക്കുന്ന ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താവുന്നതാണെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് സ്വര്‍ണക്കളളക്കടത്തുകേസില്‍ ജാമ്യം നേടി ശിവശങ്കര്‍ തൊട്ടു പിന്നാലെ ജോലിയില്‍ പ്രവേശിച്ചുവെന്നും കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും ഇ.ഡി ആരോപിച്ചിരുന്നു.

