Breaking News

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടാത്തത് എന്തുകൊണ്ട്? ശിവശങ്കറിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടാത്തത് എന്തുകൊണ്ടെണാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനോട് സുപ്രീംകോടതി. ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്ന ശിവശങ്കറിന്റെ ഇടക്കാല ജാമ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ഹര്‍ജി ഓഗസ്റ്റ് രണ്ടിന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റിവച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് വിധേയനാകാന്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു ശിവശങ്കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, സ്വകാര്യ ആശുപത്രിയില്‍ ചികത്സക്ക് വിധേയനാകാന്‍ അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യത്തെ ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ആരാഞ്ഞത്. ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതിയും, ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ശിവശങ്കറിന് കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യുറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സ ലഭ്യമാണെന്നാണ് ഇ.ഡിയുടെ വാദം. എന്നാല്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന ചികിത്സ സ്വകാര്യ ആശുപത്രിയില്‍ മാത്രമേ ഉള്ളുവെന്നാണ് ശിവശങ്കറിന്റെ വാദം. എം.ശിവശങ്കറിന് വേണ്ടി ജയ്ദീപ് ഗുപ്ത, മനു ശ്രീനാഥ് എന്നിവര്‍ കോടതിയില്‍ ഹാജരായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *