
തിരുവനന്തപുരം: ലഹരി ഉപയോഗം ആരോപിച്ച് അഭിനേതാക്കളായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് സിനിമാ സംഘടനകള്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്ക് പിന്തുണയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കഴിഞ്ഞ ദിവസം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ ചര്‍ച്ചയില്‍ അഭിനേതാക്കളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കപ്പെട്ടു എന്ന് വ്യക്തമാക്കിയ മന്ത്രി ഇക്കാര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പരാതി നല്‍കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും രേഖാമൂലം പരാതി ലഭിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
സിനിമാ മേഖലയില്‍ അവര്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട്. അതനുസരിച്ചാണ് സിനിമാ മേഖലയുടെ പ്രവര്‍ത്തനം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഷൂട്ടിംഗ് സ്ഥലത്ത് പോയി പരിശോധന നടത്തുക എന്നത് പ്രായോഗികമല്ല. എന്നാല്‍, സുരക്ഷിത ബോധത്തോടുകൂടി സിനിമാ മേഖലയെ മുന്നോട്ടുകൊണ്ടുപോകേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇപ്പോള്‍ താല്‍ക്കാലിക വിലക്ക് നേരിടുന്ന അഭിനേതാക്കള്‍ തെറ്റ് തിരുത്തി സിനിമാരംഗത്ത് വീണ്ടും സജീവമാകുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.