
ചിറയിന്‍കീഴ്: ചിറയിന്‍കീഴില്‍ എം.ഡി.എം.എയും കഞ്ചാവുമായി 6 പേര്‍ അറസ്റ്റില്‍. മുടപുരം തെന്നൂര്‍ക്കോണത്തുനിന്നാണ് കഴിഞ്ഞ ദിവസം ഇവരെ ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. മുടപുരം സ്വദേശികളായ ജിഷ്ണു(23), മുഹമ്മദ് അനസ്(25), ഹരിഹരന്‍(25), അബ്ദുല്ല(19), പ്രബിന്‍(23), ആറ്റിങ്ങല്‍ സ്വദേശിയായ ശിവ(25) എന്നിവരാണ് അറസ്റ്റിലായത്. ജിഷ്ണുവിന്റെ കയ്യില്‍നിന്നും 300 മില്ലി ഗ്രാം എം.ഡി.എം.എയും 30 ഗ്രാം കഞ്ചാവും മറ്റ് പ്രതികളില്‍നിന്ന് 30 ഗ്രാം വീതം കഞ്ചാവും പോലീസ് കണ്ടെടുത്തു.
പ്രതികള്‍ മുടപുരം തൊന്നൂര്‍ക്കോണത്ത് തമ്പടിക്കാറുണ്ടെന്നും ഇവര്‍ തങ്ങളുടെ നിരീക്ഷണത്തില്‍ ആയിരുന്നുവെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയതെന്നും പോലീസ് വ്യക്തമാക്കി.
എന്നാല്‍, മുടപുരം പ്രദേശത്തെ ഒരു ഇരുനില വീട് കേന്ദ്രീകരിച്ച് പ്രതികള്‍ പ്രവര്‍ക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ വീട്ടില്‍ സന്ധ്യയായാല്‍ ഈ വീടിന്റെ താഴത്തെ നിലയില്‍ വെളിച്ചമുണ്ടാകാറില്ലെന്നും മുകളിലത്തെ നിലയില്‍ വെളിച്ചവും ആളനക്കവും ഉണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇരുട്ടുവീണാല്‍ ഈ വീട്ടില്‍ നിരവധി വാഹനങ്ങള്‍ വന്നുപോകുന്നത് പതിവായിരുന്നുവെന്നും വീടിന് പിന്‍വശത്തുള്ള വാതിലൂടെയാണ് ഇവര്‍ വീടിനുള്ളിലേക്ക് പ്രവേശിച്ചിരുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.