
വര്‍ക്കല: വര്‍ക്കല പോലീസും വര്‍ക്കല ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസും ചേര്‍ന്ന് ‘വോട്ടറിവ് 2021’ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വോട്ടവകാശം എന്നതായിരുന്നു ‘വോട്ടറിവ് 2021’ എന്ന ബോധവല്‍ക്കരണ പരിപാടിയുടെ സന്ദേശം. ഇന്ന് വൈകിട്ട് 4 മണിയോടെ വര്‍ക്കല റെയില്‍വേ സ്‌റ്റേഷന്‍ അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് വര്‍ക്കല മൈതാനിയിലും പുത്തന്‍ചന്തയിലും ‘വോട്ടറിവ് 2021’ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.
വര്‍ക്കല പോലീസ് സ്‌റ്റേഷനിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓഫീസര്‍ ജയപ്രസാദ് ‘വോട്ടറിവ് 2021’ ഉദ്ഘാടനം ചെയ്തു. കോവിഡ് എന്ന മഹാവിപത്തിനിടയിലാണ് നാം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്നും ഈയവസരത്തില്‍ നാം വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് സംസ്ഥാനമൊട്ടാകെ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ ഓരോരുത്തരും കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. അക്കാര്യത്തില്‍ അലംഭാവം കാണിച്ചാല്‍ ഒരുപക്ഷേ നമ്മുടെ നാട് വീണ്ടും ദുരിതത്തിലേക്ക് പോയേക്കാം. മാസ്‌ക് ധരിക്കല്‍, സാനിറ്റൈസറിന്റെ കൃത്യമായ ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ എന്നീ കാര്യങ്ങളില്‍ വേണ്ട ശ്രദ്ധപുലര്‍ത്തിയാല്‍ നമുക്ക് കോവിഡിനെ അകറ്റിനിര്‍ത്തിക്കൊണ്ടുതന്നെ നമ്മുടെ വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. എല്ലാ പൗരന്മാരും വോട്ടവകാശം വിനിയോഗിക്കണമെന്നും ഹരിത ചട്ടം പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

‘വോട്ടറിവ് 2021’ ഫ്‌ളാഷ് മോബിന് ശേഷം സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ കോവിഡ് പ്രോട്ടോകോള്‍ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളേന്തി കൂട്ടയോട്ടവും സംഘടിപ്പിച്ചു. തുടര്‍ന്ന്, സ്റ്റുഡന്റ്‌സ് കേഡറ്റ് അംഗങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട ലഘുലേഖ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗം അശ്വിന്‍ പരിപാടിയില്‍ സംസാരിച്ചു. സ്റ്റുഡന്റ്‌സ് കേഡറ്റിന്റെ ചുമതല വഹിക്കുന്ന അധ്യാപികമാരായ ജിസ, സജിത എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.