
ന്യൂഡല്‍ഹി: ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെങ്കിലും സമരത്തിനായി പൊതുസ്ഥലങ്ങള്‍ തുടര്‍ച്ചയായി കയ്യടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഉത്തരവാദിത്ത ബോധത്തോടുകൂടിയാവണം പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കേണ്ടതെന്നു പറഞ്ഞ കോടതി മറ്റുള്ളവരുടെ അവകാശങ്ങളെ ധ്വംസിക്കുന്ന വിധത്തില്‍ പൊതുസ്ഥലം കയ്യേറി സമരം ചെയ്യരുതെന്നും പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ ഷബീന്ബാഗില് നടന്ന പ്രതിഷേധം നിയമവിരുദ്ധമാണെന്ന സുപ്രീകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഇക്കാര്യം ആവശ്യപ്പെട്ട് 12 ആക്ടിവിസ്റ്റുകള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിക്കളയുകയും ചെയ്തു. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചത്.
പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല. ചിലപ്പോള്‍ പ്രതിഷേധങ്ങള്‍ പൊടുന്നനേ ഉണ്ടാകും. എന്നാല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ കാര്യത്തില്‍, മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധത്തില്‍ പൊതുസ്ഥലങ്ങള്‍ തുടര്‍ച്ചയായി കയ്യടക്കരുത്- കോടതി വിധിച്ചു.
സമരങ്ങള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ പൊതുജനങ്ങള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാവൂയെന്നും കോടതി പറഞ്ഞു. 2020 ഒക്ടോബറിലാണ് ഷഹീന്‍ബാഗ് സമരത്തിന് എതിരെ കോടതി വിധി പുറപ്പെടുവിച്ചത്. എതിരഭിപ്രായവും ജനാധിപത്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പറഞ്ഞ കോടതി, ഇത്തരം സമരങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.