

വര്‍ക്കല: വര്‍ക്കല പാപനാശം തീരത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. പേവിഷബാധയുള്ള നായകളും കൂട്ടത്തിലുണ്ടെന്നത് നാട്ടുകാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പാപനാശത്തെ ബലിമണ്ഡപത്തില്‍ ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്കും ഒരുപോലെ ആശങ്കയുളവാക്കുന്നു. കഴിഞ്ഞ 3 ആഴ്ചയ്ക്കുള്ളില്‍ ബലിതര്‍പ്പണത്തിനും വിനോദസഞ്ചാരത്തിനുമായി എത്തിയ പത്തോളം പേര്‍ക്കാണ് തെരുവുനായകളുടെ കടിയേറ്റത്. കടിയേറ്റവര്‍ക്ക് വാക്സിന് എടുക്കാനുള്ള കര്‍ശന നിര്‍ദേശം നല്കി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ വിടുകയാണുണ്ടായതെന്ന് വര്‍ക്കല ടൂറിസം പോലീസ് വ്യക്തമാക്കി.


നിരവധി വിനോദ സഞ്ചാരികളെ കടിച്ചതിനെ തുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം വര്‍ക്കല മൃഗാശുപത്രിയില്‍ നിന്നും ഡോക്ടര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ ലേഖസുരേഷ്, അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ഉദ്യോഗസ്ഥസംഘവും,
ഡോഗ് ക്യാചേര്സും സ്ഥലത്തെത്തി പേവിഷബാധയേറ്റ നായയെ ദയാവധത്തിന് ഇരയാക്കി. പ്രദേശത്തുള്ള 67 ഓളം തെരുവുനായ്ക്കള്‍ക്ക് കഴിഞ്ഞ മാസം വാക്സിനേഷന് എടുത്തിരുന്നു. കൂടാതെ വര്‍ക്കല മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലുമായി 200 ഓളം നായകള്‍ക്ക് വാക്സിനേഷന് എടുത്തതായും മൃഗാശുപത്രി അധികൃതര്‍ അറിയിച്ചു. കരാര്‍ ജീവനക്കാരനായ ചിറയിന്‍കീഴ് സ്വദേശി സതീഷ്കുമാര്‍.എം.ജി, മകള്‍ ചിത്ര എന്നിവരാണ് അതിവിദഗ്ധമായി നായ്ക്കളെകുടുക്കിയത്.




