Breaking News

സംസ്ഥാനത്ത് 40 വ്യവസായ എസ്റ്റേറ്റുകള്‍; ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും: വിജ്ഞാപനം ഇറക്കി

തിരുവനന്തപുരം: വ്യാവസായിക പുരോഗതി ലക്ഷ്യമിട്ട് വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. വ്യവസായ എസ്റ്റേറ്റുകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിനായി ഏകജാലക ക്ളിയറന്‍സ് ബോര്‍ഡുകളും രൂപവത്കരിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.

എറണാകുളം ജില്ലയിലെ എടയാര്‍, തൃശൂര്‍ ജില്ലയിലെ പുഴയ്ക്കല്‍ പാടം, പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, ആലപ്പുഴയിലെ അരൂര്‍, തിരുവനന്തപുരത്തെ വേളി തുടങ്ങി 40 പ്രദേശങ്ങളാണ് വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിക്കപ്പെട്ടത്. നേരത്തെ തന്നെ നിലവിലുള്ളതാണെങ്കിലും ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് നിയമപരമായ ആനുകൂല്യങ്ങള്‍ ഇതോടെ ലഭിക്കും. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വിവിധ തരം ലൈസന്‍സുകള്‍, ക്ളിയറന്‍സുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അതിവേഗം ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇതിനായി എസ്റ്റേറ്റ് തലത്തില്‍ ക്ളിയറന്‍സ് ബോര്‍ഡുകള്‍ക്കും രൂപം നല്‍കി. ജില്ലാ കളക്ടര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നഗര ഗ്രാമാസൂത്രണ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ്, തൊഴില്‍ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ ജില്ലാ തല ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്നതാണ് ക്ളിയറന്‍സ് ബോര്‍ഡ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *