Breaking News

ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തിന് ഇന്ന് തുടക്കം

ശിവഗിരി: 114-ാമത് ശാരദാ പ്രതിഷ്ഠാ വാര്‍ഷികവും 64-ാമത് ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തും ഇന്ന് (ഏപ്രില്‍ 29) ശിവഗിരിയില്‍ ആരംഭിച്ചു. മേയ് 2 വരെ നീളുന്ന പരിപാടികള്‍ക്ക് രാവിലെ 7.30-ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധര്‍മപതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും.
രാവിലെ 10-ന് നടക്കുന്ന പരിഷത്ത് സമ്മേളനം യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കുര്‍ലോസ് ഉദ്ഘാടനം ചെയ്തു. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകുന്ന ചടങ്ങിൽ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ട്രഷറര്‍ സ്വാമി ശാരദാനന്ദ പരിഷത്ത് സന്ദേശവും സ്വാമി സൂക്ഷ്മാനന്ദ മുഖ്യപ്രഭാഷണവും അവതരിപ്പിച്ചു.സ്വാമി സച്ചിദാനന്ദ എഡിറ്റ് ചെയ്ത ‘ശ്രീനാരായണ ഗുരുദേവ ദിവ്യലീലാമൃതം’ രണ്ടാം വാല്യം ചടങ്ങില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് 11.30 മുതല്‍ പഠനക്ലാസുകള്‍ നടന്നു. വൈകിട്ട് 6.45-ന് മഹാസമാധിയില്‍ ഗുരുദേവ മന്ത്രാര്‍ച്ചനയും സത്സംഗവും. രാത്രി 8-ന് ബ്രഹ്മവിദ്യാര്‍ഥി സമ്മേളനം സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു.

30-ന് രാവിലെ 6 മുതല്‍ ശ്രീനാരായണ ഗുരുദേവന്‍ ഹോമമന്ത്രം രചിച്ചതിന്റെ ശതാബ്ദി ആചരിച്ച് ശാന്തിഹവന മഹായജ്ഞം സംഘടിപ്പിക്കും. 51 ഹോമകുണ്ഡങ്ങളില്‍ 500-ലധികം പരികര്‍മ്മികള്‍ പങ്കെടുക്കുന്ന യജ്ഞത്തില്‍ സ്വാമി സച്ചിദാനന്ദ മുഖ്യാചാര്യനാകും. തുടര്‍ന്ന് പഠനക്ലാസുകളും വൈകിട്ട് 3.30-ന് തലശ്ശേരി പ്രഥമ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ ശതാബ്ദി സമ്മേളനവും നടക്കും. ഇത് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മചൈതന്യ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ബാവുള്‍ സംഗീതവും രാത്രി ഗുരുദേവകൃതികളുടെ നൃത്താവിഷ്‌കാരവും ഉണ്ടായിരിക്കും.മേയ് 1-ന് രാവിലെ 6-ന് ശാരദാ പ്രതിഷ്ഠാദിനാചരണത്തിന്റെ ഭാഗമായി ശാരദാ അഷ്ടോത്തര ശതനാമാവലി സമൂഹാര്‍ച്ചന നടക്കും. തുടര്‍ന്ന് പഠനക്ലാസുകള്‍, ഉച്ചയ്ക്ക് 2-ന് തമിഴ്-കന്നട-തെലുങ്ക് സമ്മേളനം മാതാ അനസൂയദേവി ഉദ്ഘാടനം ചെയ്യും. രാത്രി 8.15-ന് മഹാപരിനിര്‍വാണ ശതാബ്ദി സമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. മേയ് 2-ന് രാവിലെ 7-ന് ഗുരുദേവ ദിവ്യസത്സംഗവും 9-ന് ഗുരുധര്‍മ പ്രചരണസഭാ വാര്‍ഷികയോഗവും നടക്കുന്നതോടെ പരിപാടികള്‍ക്ക് സമാപനം കുറിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *