Breaking News

ഗുരു അറിവിന്റെ ദേവതയെ ശിവഗിരിയിൽ പ്രതിഷ്ഠിച്ചു: ഡോ. ഗീവർഗീസ് മാർ കുര്‍ലോസ്

ശിവഗിരി: അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു സ്വന്തം താൽപ്പര്യപ്രകാരം നിർവഹിച്ച രണ്ടാമത്തെ പ്രതിഷ്ഠയാണ് ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠയെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുര്‍ലോസ് പറഞ്ഞു. 114-ാമത് ശാരദാ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന 64-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.താന്ത്രികാചാരങ്ങൾക്ക് ഗുരു ഇവിടെ പ്രാധാന്യം നൽകിയില്ലെന്നും അറിവ് സ്ത്രീഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ലോകം സ്ത്രീഭാവം ഉൾക്കൊള്ളണമെന്നും അമ്മയെപ്പോലെ ആർദ്രതയുള്ള സമൂഹമായി മാറണമെന്നും മാർ കുര്‍ലോസ് അഭിപ്രായപ്പെട്ടു. യുദ്ധങ്ങൾക്ക് കാരണഭൂതർ പുരുഷന്മാരാണെന്നും അദ്ദേഹം വിമർശിച്ചു. ദളിതർ അറിവ് നേടുന്നതിനെ ഇന്നും ചിലർ ഭയപ്പെടുന്നുണ്ടെന്നും സാമൂഹിക മാറ്റത്തിന് ഗുരുദർശനമാണ് വഴികാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ഡോ. സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. പിന്നോക്ക വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഇപ്പോഴും പൂർണമായി ലഭ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സംഗീതത്തിനുപോലും മതം കല്പിക്കുന്ന അവസ്ഥയിലേക്ക് സമൂഹം അധഃപതിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.സ്വാമി സൂക്ഷ്മാനന്ദ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ശാരദാനന്ദ, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ, ഗുരുധർമ്മ പ്രചരണസഭ കർണാടക യുവജനസഭ ചെയർമാൻ ഗോപികൃഷ്ണ എന്നിവർ പ്രസംഗിച്ചു. ഡോ. സച്ചിദാനന്ദ സ്വാമികൾ രചിച്ച ‘ശ്രീനാരായണ ഗുരുദേവ ദിവ്യലീലാമൃതം’ രണ്ടാം വാല്യം ചടങ്ങിൽ പ്രകാശനം ചെയ്തു. മാസ്റ്റർ സി.എസ്. ദ്രുപത് പ്രാർത്ഥനാഗീതം ആലപിച്ചു.
സഭ കേന്ദ്രസമിതി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും രജിസ്ട്രാർ കെ.ടി. സുകുമാരൻ നന്ദിയും രേഖപ്പെടുത്തി. രാവിലെ ശാന്തിഹവനം, ശാരദാപൂജ, ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവ നടന്നു. തുടർന്ന് ഡോ. സച്ചിദാനന്ദ സ്വാമികൾ പതാക ഉയർത്തി. പരിഷത്ത് വേദിയിൽ സ്വാമി പരാനന്ദ ഭദ്രദീപം തെളിച്ചു.

ഡോ. സച്ചിദാനന്ദ സ്വാമികൾ, പ്രൊഫ. കെ.എം. ഭരതൻ, ഡോ. ഉഷാ രാജ് വാര്യർ എന്നിവർ പഠനക്ലാസുകൾ നയിച്ചു. വൈകുന്നേരം മഹാസമാധിയിൽ ഗുരുദേവ മന്ത്രാർച്ചനയും സത്സംഗവും നടന്നു. രാത്രി നടന്ന ബ്രഹ്മവിദ്യാർത്ഥി സമ്മേളനം സ്വാമി ഋതംബരാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി വിശാലാനന്ദ അധ്യക്ഷത വഹിച്ചു. സ്വാമി ദേവാത്മാനന്ദ മുഖ്യപ്രഭാഷണം നടത്തി. സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, പി.ആർ.ഒ. ഡോ. സനൽകുമാർ, ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, കോർഡിനേറ്റർമാരായ അശോകൻ ശാന്തി, ചന്ദ്രൻ പുളിക്കുന്ന് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, അംബിളി ഹാരിസ്, മാതൃസഭ പ്രസിഡന്റ് അനിത ശങ്കർ, സെക്രട്ടറി ശ്രീജ ഷാജി, യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ, സെക്രട്ടറി സുബിത്ത് എസ്. ദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *