
കൊച്ചി: കസ്റ്റംസിനെതിരെ സംസ്ഥാനത്തിന്റെ പരാതിയില്‍ വിശദീകരണം തേടി കേന്ദ്രം. ചോദ്യം ചെയ്യലിനിടെ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ഹരികൃഷ്ണനെ പീഡിപ്പിച്ചെന്നാണ് സംസ്ഥാനത്തിന്റെ പരാതി. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തെഴുതിയ വിവരം മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കസ്റ്റംസിനോട് വിശദീകരണം തേടിയ വിവരം പുറത്തുവരുന്നത്.
എന്നാല്‍, ഹരികൃഷ്ണനോടു മോശമായി പെരുമാറിയിട്ടില്ലെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കത്ത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് കസ്റ്റംസ് പറയുന്നത്. ചോദ്യംചെയ്യല്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതിനു പുറമേ കസ്റ്റംസ് ഓഫിസ് മുഴുവനായും സിസിടിവി പരിധിയിലാണ്. അതുകൊണ്ടുതന്നെ അവിടെ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും ദൃശ്യങ്ങളില്‍ ലഭ്യമാണ്. ഈ വിവരങ്ങളെല്ലാം കേന്ദ്രത്തെ ധരിപ്പിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.
എന്നാല്‍ ഹരികൃഷ്ണനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഉദ്യോഗസ്ഥരുടെ പേരു സഹിതമാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ സമയബന്ധിതമായി നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഇത്തരത്തിലുള്ള അപക്വവും മര്യാദയില്ലാത്തതുമായ പെരുമാറ്റം ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടാണ് കേന്ദ്രത്തിനു കത്തയച്ചത് എന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.