Breaking News

എസ്.പി.സി കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാൻ’ ബ്രാൻഡ് അംബാസഡർമാർ: രമേശ് ചെന്നിത്തല

എസ്‌.പി.സി സംസ്ഥാന സഹവാസ ക്യാമ്പായ ‘ഐക്യ 2026’ന്റെ സമാപനം കുറിച്ചു കൊണ്ട് തിരുവനന്തപുരം വെങ്ങാനൂർ വി.പി.എസ്. മലങ്കര എച്ച്‌.എസ്‌.എസിൽ നടന്ന പരേഡിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കുന്നു.

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥി സമൂഹം സജീവമായി മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരള പോലീസിന്റെ ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ’ വിജയിപ്പിക്കുന്നതിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ (എസ്.പി.സി) നിർണായക പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ്‌.പി.സി സംസ്ഥാന സഹവാസ ക്യാമ്പായ ‘ഐക്യ 2026’ന്റെ സമാപനം കുറിച്ചു കൊണ്ട് തിരുവനന്തപുരം വെങ്ങാനൂർ വി.പി.എസ്. മലങ്കര എച്ച്‌.എസ്‌.എസിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പരേഡ് പരിശോധിക്കുന്നു.

എസ്.പി.സി സംസ്ഥാന സഹവാസ ക്യാമ്പായ ‘ഐക്യ 2026’ന്റെ സമാപന സമ്മേളനം വെങ്ങാനൂർ വി.പി.എസ് മലങ്കര ആൻഡ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സമൂഹത്തെ ഏറ്റവും ഗുരുതരമായി ബാധിക്കുന്ന വിപത്തുകളിൽ ഒന്നാണ് ലഹരിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂൾ, കോളേജ് ക്യാമ്പസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങളെ ഇല്ലാതാക്കുന്നതിനായാണ് ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചതെന്നും പുതുതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്ന പോരാട്ടത്തിന്റെ മുൻനിരയിൽ എസ്.പി.സി കേഡറ്റുകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരള പൊലീസിന്റെ അഭിമാന പദ്ധതിയായി എസ്.പി.സി വളർന്നിട്ടുണ്ടെന്നും ഒന്നര ദശാബ്ദമായി പ്രവർത്തിക്കുന്ന ഈ യുവജന കൂട്ടായ്മ രാജ്യതലത്തിൽ തന്നെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എസ്.പി.സി പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള ആലോചനകളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.‘കുട്ടിപ്പൊലീസ്’ എന്ന വിശേഷണം ഓരോ കേഡറ്റും അഭിമാനത്തോടെയാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞ മന്ത്രി, സഹപാഠികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും ആദിവാസി മേഖലകളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും പോഷകാഹാരവും എത്തിക്കുന്നതിലും എസ്.പി.സി കേഡറ്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പറഞ്ഞു.

സ്കൂൾ കലോത്സവങ്ങൾ ക്രമസമാധാനത്തോടെ നിയന്ത്രിക്കുന്നതിലും ജനാധിപത്യ-മതേതര മൂല്യങ്ങളുടെ കാവൽക്കാരായും എസ്.പി.സി കേഡറ്റുകൾ മികച്ച മാതൃക സൃഷ്ടിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. അടുത്ത വർഷം മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എസ്.പി.സി കേഡറ്റിന് ‘ഹോം മിനിസ്റ്റേഴ്‌സ് ട്രോഫി’ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ഒരാഴ്ചയായി നടന്ന ക്യാമ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 939 കേഡറ്റുകൾ പങ്കെടുത്തു. സമാപനച്ചടങ്ങിനോടനുബന്ധിച്ച് നടന്ന സെറിമോണിയൽ പരേഡിൽ മന്ത്രി അഭിവാദ്യം സ്വീകരിക്കുകയും വിവിധ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, എ.ഡി.ജി.പി മാരായ എസ്. ശ്രീജിത്ത്, പി. വിജയൻ, ദിനേന്ദ്ര കശ്യപ്, ഗുഗുലോത്ത് ലക്ഷ്മൺ, എസ്.പി.സി നോഡൽ ഓഫീസറും ഐ.ജിയുമായ എസ്. അജിത ബീഗം ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *