Breaking News

അഴിമതി തുടച്ചുനീക്കാൻ ‘പ്രോജക്‌ട് സീറോ’; കൈക്കൂലി ദൃശ്യങ്ങൾ നൽകിയാൽ ₹5000 പാരിതോഷികം

അഴിമതിക്കെതിരെ വിജിലൻസ്‌ നടപ്പിലാക്കുന്ന പദ്ധതി ‘പ്രോജക്‌ട് സീറോ’യുടെ ലോഗോ പ്രകാശനം നിർവഹിക്കുന്ന ആഭ്യന്തരവകുപ്പ്‌ മന്ത്രി രമേശ്‌ ചെന്നിത്തല. വിജിലൻസ്‌ ഡയറക്‌ടർ മനോജ്‌ എബ്രഹാം, ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്‌ടാവ്‌ മുൻ ഡിജിപി എ. ഹേമചന്ദ്രൻ എന്നിവർ സമീപം.

തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതി മുക്തമാക്കാൻ വിജിലൻസിന്റെ നേതൃത്വത്തിൽ ‘പ്രോജക്‌ട് സീറോ’ എന്ന പേരിൽ സമഗ്ര അഴിമതി വിരുദ്ധ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ ഓഫീസുകളിലുൾപ്പെടെ നടക്കുന്ന കൈക്കൂലി ഇടപാടുകളുടെ ദൃശ്യങ്ങൾ പൊതുജനങ്ങൾ തെളിവായി സമർപ്പിച്ചാൽ 5000 രൂപ പാരിതോഷികം നൽകുമെന്നും മന്ത്രി അറിയിച്ചു.

വിജിലൻസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി പദ്ധതിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ അഴിമതി വിരുദ്ധ പദ്ധതിയും സർക്കാർ അവതരിപ്പിച്ചത്.പൊതുജന പങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം സൃഷ്ടിക്കുകയാണ് ‘പ്രോജക്‌ട് സീറോ’യുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ തെളിവുകളായി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിലൂടെ സമർപ്പിക്കാം. സമർപ്പിക്കുന്ന ദൃശ്യങ്ങൾ വിജിലൻസ് അധികൃതർ വിശദമായി പരിശോധിച്ച് ശരിവെച്ചാൽ പരാതിക്കാരന് 5000 രൂപ പാരിതോഷികമായി നൽകും.വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

“അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും വച്ചുപൊറുപ്പിക്കില്ല. അഴിമതിയില്ലാതെ ജനങ്ങൾക്ക് സേവനം ലഭിക്കുന്നത് സർക്കാരിന്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്,” എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.കാലത്തിനനുസരിച്ച് അഴിമതിയുടെ രീതികളിലും മാറ്റമുണ്ടായതിനാൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ‘പ്രോജക്‌ട് സീറോ’ നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അഴിമതി നടന്നശേഷം കണ്ടെത്തുന്നതിലുപരി, അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾക്ക് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.1969ൽ രൂപീകരിച്ച വിജിലൻസ് മാന്വൽ കാലോചിതമായി പരിഷ്‌കരിക്കുമെന്നും വിജിലൻസിന്റെ മിന്നൽ പരിശോധനകൾ തുടരുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ ‘പ്രോജക്‌ട് സീറോ’യുടെ ലോഗോ പ്രകാശനം വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് നൽകി മന്ത്രി നിർവഹിച്ചു. ആഭ്യന്തരവകുപ്പിന്റെ ഉപദേഷ്ടാവും മുൻ ഡിജിപിയുമായ എ. ഹേമചന്ദ്രൻ, ഐജി തോംസൺ ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *