
കൊച്ചി: തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസില്‍ ജയിലില്‍ കഴിയുന്ന അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേസ് അന്വേഷണത്തിന്റെ പ്രധാനപ്പെട്ട ഘട്ടം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യവും അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകരുതെന്ന ഉപാധികളോടെയാണ് കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്. സര്‍്ക്കാരിനും കോടതിയുടെ നിര്‍ദ്ദേശങ്ങളുണ്ട്. ഒരു വനിത ഐ.പി.എസ് ഓഫീസര്‍ കേസ് അന്വേഷിക്കണം, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പീഡനത്തിന് ഇരയായ കുട്ടിയെ വിദഗ്ധമായ ശരീര പരിശോധനയ്ക്കു വിധേയനാക്കണം തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍. ഒരു മനശാസ്ത്ര വിദഗ്ധനും ഒരു ശിശുരോഗ വിദഗ്ധനും ഉള്‍പ്പെടുന്നതായിരിക്കണം മെഡിക്കല്‍ ബോര്‍ഡ്. ആവശ്യമെന്ന് തോന്നിയാല്‍ അന്വേഷണ സംഘത്തിന് കുട്ടിയെ പിതാവിന്റെ അടുക്കല്‍നിന്നു മാറ്റി ഏതെങ്കിലും ഒരു ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തില്‍ പാര്പ്പിക്കാവുന്നതാണെന്നും കോടതി നിര്‍ദേശിച്ചു.
മാതൃത്വത്തിന്റെ പവിത്ര എടുത്തുപറഞ്ഞ കോടതി മാതൃത്വത്തെ അവഗണിക്കുന്ന കേസാണിതെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു കേസാണ് മുന്നില്‍ വന്നിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്നു അന്വേഷണത്തില്‍ വ്യക്തമായതായാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഇവര്‍ കുഞ്ഞിനു ചില മരുന്നു നല്‍കിയിരുന്നതായി മൊഴി ലഭിച്ചിരുന്നെന്നും പരിശോധനയില്‍ ഈ മരുന്നു കണ്ടെത്തിയെന്നും പ്രോസിക്യൂഷന് വാദിച്ചു.
തന്റെ മൂന്നു കുഞ്ഞുങ്ങളുടെ പിതാവായ പരാതിക്കാരന് വിവാഹബന്ധം വേര്‍പെടുത്താതെ മറ്റൊരു വിവാഹം കഴിക്കുകയും ജീവനാംശം തേടിയപ്പോള്‍ രണ്ടു കുഞ്ഞുങ്ങളെ തന്റെ പക്കല്‍ നിന്നു ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നെന്നുമാണ് കുട്ടിയുടെ അമ്മ ജാമ്യഹര്‍ജിയില്‍ പറഞ്ഞത്. കൗണ്‍സിലറായ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ കുഞ്ഞിനെ ബ്രെയിന്‍വാഷ് ചെയ്താണ് എതിരാക്കിയതെന്നും പരാതി നല്‍കിച്ചതെന്നും ഇവര്‍ പറഞ്ഞു.