Breaking News

കോവിഡ് വാക്‌സിന്‍: വാണിജ്യ കയറ്റുമതിക്ക് കേന്ദ്രാനുമതി

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ബ്രിസീലിലേക്കും മൊറോക്കോയിലേക്കുമാണ് ആദ്യം വാക്‌സിന്‍ കയറ്റുമതി ചെയ്യുക. വെള്ളിയാഴ്ച ഇവിടങ്ങളിലേക്കുള്ള വാക്‌സിന്‍ അയയ്ക്കും. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിംഗ്ലയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തേതന്നെ പല രാജ്യങ്ങളില്‍നിന്നും കോവിഷീല്‍ഡ് വാക്‌സീന് ഓര്‍ഡര്‍ ലഭിച്ചിരുന്നെങ്കിലും ഇന്ത്യയില്‍ വാക്‌സീന്‍ വിതരണം ആരംഭിച്ച ശേഷം കയറ്റിയയ്ക്കാമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇന്ത്യയില്‍ വാക്‌സീന്‍ വിതരണം ജനുവരി 16ന് ആരംഭിച്ചതോടെയാണ് കയറ്റിയയ്ക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത്.
യുകെ മരുന്നു നിര്‍മാതാക്കളായ അസ്ട്രാസെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്നു വികസിപ്പിച്ച് പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സീനാണ് കയറ്റി അയയ്ക്കുന്നത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി 20 ലക്ഷം ഡോസിന്റെ കരാറില്‍ ബ്രസീല്‍ ഒപ്പുവച്ചിരുന്നു.
ഇനി ദക്ഷിണാഫ്രിക്കയിലേക്കും സൗദി അറേബ്യയിലേക്കുമാണ് കയറ്റി അയയ്ക്കുകയെന്നും ശ്രിംഗ്ല കൂട്ടിച്ചേര്‍ത്തു. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ ആഴ്ച ആദ്യം ഇന്ത്യ കോവിഷീല്‍ഡ് സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ ഇനിയുള്ള വാക്‌സിന്‍ ഈ രാജ്യങ്ങള്‍ വില കൊടുത്തു വാങ്ങേണ്ടിവരും.

Related posts

Leave a Reply

Your email address will not be published. Required fields are marked *