Breaking News

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

ഉമ്മന്‍ചാണ്ടി

കൊച്ചി: സോളാര്‍ പീഡന കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്നും കേസന് ആസ്പദമായ സംഭവം നടന്നുവെന്ന് പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുള്ളത്. പരാതിക്കാരി ആ ദിവസം ക്ലിഫ് ഹൗസില്‍ എത്തിയതിനും തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ, പരാതിക്കാരിയുടെ ആവശ്യപ്രകാരം സോളാര്‍ പീഡനക്കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സോളാര്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്തത് 2018ലാണ്. പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന്, രണ്ടര വര്‍ഷത്തോളം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ ശേഷമാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
2012 സെപ്റ്റംബര്‍ 19ന് നാല് മണിക്ക് ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. കൃത്യം നടന്നു എന്നു പറയുന്ന സമയത്ത് ക്ലിഫ് ഹൗസിലുണ്ടായിരുന്ന പോലീസുകാര്‍, ജീവനക്കാര്‍, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്, മറ്റ് ആളുകള്‍ എന്നിവരെ ചോദ്യം ചെയ്തതതിന്റേയും പരാതിക്കാരിയുടേയും ഡ്രൈവറുടേയും മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം പീഡനം നടന്നു എന്ന് പറയുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത് സംബന്ധിച്ച ടെലിഫോണ്‍ രേഖകള്‍ സര്‍വീസ് പ്രൊവൈഡര്‍മാരോട് ചോദിച്ചെങ്കിലും ഏഴ് വര്‍ഷമായതിനാല്‍ ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പരാതിക്കാരി പറയുന്ന സംഭവം നടന്നു എന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കേസ് തുടര്‍ അന്വേഷണത്തിനായി സി.ബി.ഐയ്ക്ക് ശുപാര്‍ശ ചെയ്യുന്നുവെന്നും ടി.കെ. ജോസ് കേന്ദ്ര സര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *