Breaking News

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ശിവഗിരി മഠം

ശിവഗിരി: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ശിവഗിരി മഠം. പുതിയ മദ്യനയത്തിന്റെ ഭാഗമായി മദ്യ വിതരണം വ്യാപകമാകുന്നതില്‍ ശിവഗിരിമഠം ബന്ധപ്പെട്ടവരെ ആശങ്ക അറിയിക്കുന്നതായി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം സര്‍ക്കാര്‍ മദ്യ വ്യവസായവും മദ്യത്തിന്റെ ലഭ്യതയും വര്‍ദ്ധിപ്പിച്ചു വരികയാണ്. കുടുംബ ജീവിതവും സാമൂഹിക വ്യവസ്ഥിതിയേയും തകര്‍ക്കുന്നതാണിത്. ഇതൊന്നും സര്‍ക്കാരിന് അറിയാത്തതല്ല. മദ്യം വിഷമാണെന്നും അത് ഉണ്ടാക്കരുതെന്നും കുടിക്കരുതെന്നും വിളമ്പരുതെന്നും സമൂഹത്തെ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണ ഗുരുദേവനോട് ആദരവ് പുലര്‍ന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ മദ്യത്തിന്റെ ലഭ്യത വ്യാപകമാക്കാനുള്ള പുതിയ മദ്യനയം തിരുത്തണമെന്നും സ്വാമി പറഞ്ഞു.

സ്‌കൂള്‍ കുട്ടികള്‍ക്കു പോലും മദ്യവും മറ്റു ലഹരിവസ്തുക്കളും ലഭിക്കുന്ന വിധത്തില്‍ സ്‌കൂളുകള്‍ക്കു സമീപം ഇവ വിതരണം ചെയ്യുന്നത് ഗവണ്‍മെന്റ് കാണുന്നില്ലേ? സര്‍വ്വനാശകാരിയായ ലഹരിപദാര്‍ത്ഥങ്ങളുടെ പിടിയില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിന് ഗവണ്‍മെന്റിന് പ്രവര്‍ത്തിക്കുവാന്‍ ഉത്തരവാദിത്വമുണ്ട്. ശിവഗിരി മഠത്തിന്റെ മദ്യവിരുദ്ധ പ്രസ്ഥാനമായ ഗുരുധര്‍മ്മ പ്രചരണസഭയുടെ പ്രവര്‍ത്തനം ശക്തമാക്കിക്കൊണ്ടിരിക്കുകയാണെന്നും സ്വാമി വ്യക്തമാക്കി. മദ്യവര്‍ജ്ജനത്തിനും മദ്യ നിരോധനത്തിനും വേണ്ടി ബോധവത്കരിക്കുന്നതിനാവശ്യമായ കര്‍മ്മപദ്ധതികള്‍ ശിവഗിരിമഠം ആവിഷ്‌കരിക്കുന്നതാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *