Breaking News

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ ആത്മഹത്യ: സി.പി.എമ്മിനെതിരെ ഷിബു ബേബിജോണ്‍

ഷിബു ബേബി ജോണ്‍

കൊല്ലം: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണ്‍. സി.പി.എം സമ്മര്‍ദ്ദത്തിലാവുന്ന ഏത് കേസുകസ് പരിശോധിച്ചാലും അതിലെ പ്രധാന പ്രതികള്‍ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തതായി മനസിലാക്കാം. അതെങ്ങനെ സംഭവിക്കുന്നുവെന്ന് ചോദിക്കുന്ന അദ്ദേഹം ഇത്തരം സംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്നും ആരോപിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സി.പി.എമ്മിന് വേണ്ടി കൊല്ലാന്‍ നടക്കുന്നവര്‍ക്ക് പിന്നിലും കൊലയാളിക്കണ്ണുകളുണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം ഫെയ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. സി.പി.എം പ്രതിക്കൂട്ടിലായ ചില കേസുകളും ആ കേസുകളിലെ മുഖ്യപ്രതികള്‍ക്ക് ജീവന്‍ നഷ്ടമായതും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുമുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….
കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. അടുത്ത കാലത്തായി സി.പി.എം സമ്മര്‍ദ്ദത്തിലാകുന്ന ഏത് കേസ് എടുത്താലും അതിലേ ഒരു മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും അതെങ്ങനെ സംഭവിക്കുന്നു…?
കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ്: ഒരു പ്രതി കൊല്ലപ്പെട്ടു.
ശുക്കൂര്‍ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.
ഫസല്‍ വധക്കേസ് : മൂന്ന് പ്രതികള്‍ കൊല്ലപ്പെട്ടു.
വാളയാര്‍ ഇരട്ട കൊല : ഒരു പ്രതി ആത്മഹത്യ ചെയ്തു.
മന്‍സൂര്‍ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.
സ്വന്തം അയല്‍ക്കാരനെയും സുഹൃത്തിനെയും പോലും ബോംബെറിഞ്ഞും ക്രൂരമായി വെട്ടിയും കുത്തിയും കൊല്ലാന്‍ ഒരു മടിയും ഇല്ലാത്തവര്‍ ആത്മഹത്യ ചെയ്യാന്‍ മാത്രം മനസ്സിന് ബലമില്ലാത്തവരാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്ക് കഴിയും?
ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തപ്പെടാതിരിക്കാനുള്ള ആസൂത്രിത കൊലപാതകങ്ങള്‍ ആണിതെല്ലാമെല്ലാം എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ?
പാര്‍ട്ടിയ്ക്ക് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവരെ, നിങ്ങള്‍ക്ക് പിന്നിലും പാര്‍ട്ടിയുടെ കൊലയാളിക്കണ്ണുകള്‍ കാത്തിരിപ്പുണ്ടെന്ന് ഓര്‍ക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *