
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ അക്രമ സംഭവങ്ങള്‍ വ്യാപകം. കൂച്ച് ബെഹാറില്‍ നടന്ന തൃണമൂല്‍-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്രസേന നടത്തിയ വെടിവയ്പില്‍ 4 പേര്‍ മരിച്ചു. അഞ്ചു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
എട്ട് ഘട്ടങ്ങളായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാര്‍ അടക്കമുള്ള അഞ്ചു ജില്ലകളിലെ മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. 294 മണ്ഡലങ്ങളാണ് ബംഗാളിലുള്ളത്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. കൂച്ച് ബിഹാറിലെ സിതാല്‍കുച്ചി മണ്ഡലത്തിലാണ് കാര്യമായ സംഘര്‍ഷമുണ്ടായത്. സിതാല്‍കുച്ചിയിലെ ജോര്‍പത്കിയിലുള്ള ബൂത്ത് നമ്പര്‍ 126-ല്‍ സുരക്ഷയിലുണ്ടായിരുന്ന കേന്ദ്രസേന വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.