Breaking News

ആറാമത് ജി.ശാന്ത ടീച്ചര്‍ മെമ്മോറിയല്‍ ജേര്‍ണലിസം അവാര്‍ഡ് സാജു ഭാസ്‌കറിന്

ബംഗളുരു: ആറാമത് ജി.ശാന്ത ടീച്ചര്‍ മെമ്മോറിയല്‍ ജേര്‍ണലിസം അവാര്‍ഡ് മാതൃഭൂമി പ്രാദേശിക ലേഖകന്‍ സാജു ഭാസ്‌കറിന്. സാജുവിന്റെ 33 വര്‍ഷത്തെ പത്രപ്രവര്‍ത്തന രംഗത്തെ മാതൃകാപരമായ സംഭാവനകളെ അംഗീകരിച്ചുകൊണ്ടാണ് 25000 രൂപയും പ്രശസ്തി ഫലകവുമടങ്ങിയ അവാര്‍ഡ്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്‌പെയേര്‍ഡ് ഇന്ത്യന്‍ ഫൗണ്ടേഷ(ഐ.ഐ.എഫ്)നാണ് ഗ്രാമീണര്‍ക്കിടയില്‍ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കാന്‍ പ്രയത്‌നിച്ച അധ്യാപികയും സാഹിത്യകാരുയമായ ജി.ശാന്ത ടീച്ചറുടെ പേരിലുള്ള അവാര്‍ഡ് നല്‍കുന്നത്. ഐ.ഐ.എഫിന്റെ വാര്‍ഷിക ആഘോഷ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

കോട്ടയം എം.ജി സര്‍വകലാശാലയില്‍നിന്ന് ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടിയ സാജു മൂന്ന് പതിറ്റാണ്ടിലേറെയായി മാതൃഭൂമി ദിനപത്രത്തില്‍ സേവനമനുഷ്ഠിച്ചു വരികയാണ്. വിവിധ സാമൂഹിക-സാമ്പത്തിക വിഷയങ്ങളില്‍ സാജുവിന്റെ റിപ്പോര്‍ട്ടിംഗ് സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാന്നാറിലെ ഓട്ടുപാത്ര നിര്‍മ്മാണ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുള്ള റിപ്പോര്‍ട്ടിംഗ് ഈ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടലിന് കാരണമായി. മാന്നാര്‍ പൈതൃക ഗ്രാമം പദ്ധതിയിലേക്ക് വഴിതെളിച്ചത് ഈ റിപ്പോര്‍ട്ടിംഗാണ്.

അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ സാജുവിന്റെ റിപ്പോര്‍ട്ടുകള്‍ കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായി. സുനാമി സമയത്തെ സാജുവിന്റെ റിപ്പോര്‍ട്ടുകള്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. എയ്‌റോസ്‌പേസ്, ഡിഫന്‍സ് ശാസ്ത്രജ്ഞര്‍, ശാന്ത ടീച്ചറുടെ കുടുംബാംഗങ്ങള്‍, എഴുത്തുകാര്‍, ഐ.ഐ.എഫ് ട്രസ്റ്റികള്‍ എന്നിവരടങ്ങിയ ജൂറി ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത നാല് ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ കൂട്ടത്തില്‍നിന്നാണ് സാജുവിനെ തെരഞ്ഞെടുത്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *