Breaking News

സാരംഗിന് യാത്രാമൊഴി; കണ്ണീരണിഞ്ഞ് ഒരു നാട് മുഴുവന്‍

സാരംഗിന്റെ ഭൗതിക ദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍

ആറ്റിങ്ങല്‍: മരണത്തിന് കീഴടങ്ങിയപ്പോഴും മറ്റുള്ളവര്‍ക്ക് സാന്ത്വനമേകിയ ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് യാത്രമൊഴി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാമം സ്‌പോര്‍ട്‌സ് കരീനയിലും ആറ്റിങ്ങല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് നാല് മണിയോടെയാണ് സാരംഗിന്റെ ഭൗതികദേഹം ആലംകോട് വഞ്ചിയൂരുള്ള വസതിയായ നികുഞ്ജത്തില്‍ എത്തിച്ചത്. നിറകണ്ണുകളോടെയാണ് നാട്ടുകാരും ബന്ധുക്കളുമെല്ലാം സാരംഗിന് യാത്രമൊഴി പറഞ്ഞത്. ഒരു നാട് ഒന്നടങ്കം കണ്ണീരണിഞ്ഞു കാത്തുനിന്നു തങ്ങളുടെ സാരംഗിനെ അവസാനമായി ഒരുനോക്ക് കാണാന്‍.

ഓട്ടോറിക്ഷ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സാരംഗ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് സാരംഗിന്റെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഈ മാസം 13 ന് വൈകിട്ട് മൂന്നരയോടെയാണ് ഓട്ടോറിക്ഷ അപകടത്തില്‍ സാരംഗിന് ഗുരുതരമായി പരിക്കേറ്റത്. സാരംഗ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് മറിയുകയായിരുന്നു. ഓട്ടോറിക്ഷയില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ സാരംഗിന്റെ തല റോഡില്‍ ഇടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്.

ആലംകോട് വഞ്ചിയൂര്‍ നികുഞ്ജത്തില്‍ പി.ബിനേഷ്‌കുമാര്‍, ജി.ടി.രജനി ദമ്പതികളുടെ മകനായ സാരംഗ് ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷാഫലം കാത്തിരിക്കവെയാണ് വിധി സാരംഗിന്റെ ജീവന്‍ കവര്‍ന്നെടുത്തത്. ഭൗതികദേഹം വീട്ടില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ സാരംഗിന്റെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവന്നിരുന്നു. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വാര്‍ത്ത സാരംഗിനെ ഒരുനോക്ക് കാണാനെത്തിയവരുടെ നൊമ്പരത്തിന്റെ ആക്കം കൂട്ടി.

മസ്തിഷക മരണം സ്ഥിരീകരിച്ചതോടെ സാരംഗിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം അറിയിക്കുകയായിരുന്നു. രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവ ദാനം നല്‍കിയതിലൂടെ ആറു പേര്‍ക്കാണ് ജീവിതം തിരികെ ലഭിക്കുന്നത്. ഇന്ന് പന്ത്രണ്ട് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി മെഡിക്കല്‍ കോളേജില്‍ എത്തിച്ച സാരംഗിന്റെ മൃതദേഹത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചു. അധ്യാപകരും സഹപാഠികളും നാട്ടുകാരമെല്ലാം തങ്ങളുടെ പ്രിയപ്പെട്ട സാരംഗിനെ അവസാനമായി കണ്ട് വിതുമ്പിയത് അത്യന്തം വികാരഭരിതമായ നിമിഷങ്ങളായി മാറി. തുടര്‍ന്ന് വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. കേരള സര്‍ക്കാരിന്റെ മൃതസജ്ഞീവിനി പദ്ധതിയിലൂടെയാണ് സാരംഗിന്റെ അവയവങ്ങള്‍ ദാനം ചെയ്തത്. കല്ലമ്പലം കെ.ടി.സി.ടി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി യസ്വന്ത് സാരംഗിന്റെ സഹോദരനാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *