
ആറ്റിങ്ങല്‍: ജീവിതത്തിലും മരണത്തിലും വിജയത്തിളക്കവുമായി സാരംഗ്. മസ്തിഷക മരണം സംഭവിച്ച സാരംഗിനെ തേടിയെത്തിയത് പത്താംക്ലാസ്സില്‍ പത്തരമാറ്റിന്റെ വിജയത്തിളക്കം. എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി നേടിയ വിജയം ആഘോഷിക്കാന്‍ വിധി സാരംഗിനെ അനുവദിച്ചില്ല. എസ്.എസ്.എല്‍.സി പരീക്ഷാ ഫലം കാത്തിരിക്കവെയാണ് വിധി വാഹന അപകടത്തിന്റെ രൂപത്തില്‍ സാരംഗിന്റെ ജീവന്‍ കവര്‍ന്നത്. ഈ മാസം 13 ന് വൈകിട്ട് മൂന്നരയോടെ ഓട്ടോറിക്ഷ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സാരംഗ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലംകോട് വഞ്ചിയൂര്‍ നികുഞ്ജത്തില്‍ പി.ബിനേഷ്‌കുമാര്‍, ജി.ടി.രജനി ദമ്പതികളുടെ മകനായ സാരംഗ് ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സാരംഗിന്റെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. മരണം സ്ഥിരീകരിച്ചതോടെ സാരംഗിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം അറിയിക്കുകയായിരുന്നു. രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവ ദാനം നല്‍കിയതിലൂടെ ആറു പേര്‍ക്ക് ജീവിതം തിരികെ നല്‍കിയാണ് സാരംഗ് യാത്രയായത്. കേരള സര്‍ക്കാരിന്റെ മൃതസജ്ഞീവിനി പദ്ധതിയിലൂടെയാണ് സാരംഗിന്റെ അവയവങ്ങള്‍ ദാനം ചെയ്തത്.
സാരംഗിനെ അറിയുന്നവര്‍ മാത്രമല്ല കേരളക്കരയൊട്ടാകെ സാരംഗിന്റെ വജ്രത്തിളക്കമുള്ള വിജയ വാര്‍ത്ത ഏറെ നൊമ്പരത്തോടെയാണ് ഉള്‍ക്കൊണ്ടത്. മരണത്തിലും നന്മയുടെയും കാരുണ്യത്തിന്റെയും പ്രതീകമായി മാറിയ സാരംഗിന്റെ വിജയത്തിളക്കം കണ്ണീരണിയാതെ, ചുണ്ട് വിതുമ്പാതെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാനാവുക. ഭൗതിക ദേഹം വീട്ടിലെത്തിക്കുന്നത് മുമ്പ് തന്നെ സാരംഗിന്റെ വിജയവാര്‍ത്ത പുറത്തുവന്നിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട സാരംഗിനെ അവസാനമായി ഒരുനോക്ക് കാണാന്‍ നിറകണ്ണുകളോടെ കണ്ണീരണിഞ്ഞു കാത്തുനിന്ന ഒരു നാട് ഒന്നടങ്കം വിജയവാര്‍ത്ത അറിഞ്ഞതോടെ വിതുമ്പിക്കരയുകയായിരുന്നു. സാരംഗ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് മറിയുകയായിരുന്നു. ഓട്ടോറിക്ഷയില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ സാരംഗിന്റെ തല റോഡില്‍ ഇടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് പന്ത്രണ്ട് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി മെഡിക്കല്‍ കോളേജില്‍ എത്തിച്ച സാരംഗിന്റെ മൃതദേഹത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മാമത്തുള്ള സ്‌പോര്‍ട്‌സ് കരീന ക്ലബ്ബിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. അധ്യാപകരും സഹപാഠികളും നാട്ടുകാരമെല്ലാം തങ്ങളുടെ പ്രിയപ്പെട്ട സാരംഗിനെ അവസാനമായി കണ്ട് വിതുമ്പിയത് അത്യന്തം വികാരനിര്‍ഭരമായ നിമിഷങ്ങളായി മാറി. ഒരു അര്‍ത്ഥത്തില്‍ സാരംഗ് മരിക്കുന്നില്ല. തന്റെ അവയവങ്ങള്‍ സ്വീകരിച്ച് ജീവിതത്തിന്റെ വെള്ളി വെളിച്ചത്തിലേക്ക് തിരിച്ചുവരുന്നവരിലൂടെ സാരംഗ് ജീവിക്കും. തലമുറകളില്‍നിന്ന് തലമുറകളിലേക്ക് സാരംഗ് നന്മയുടെ പ്രതീകമായി മനസുകളില്‍നിന്ന് മനസുകളിലേക്ക് പടരും. മരണമില്ലാത്തവന്‍ എന്ന പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട്…