Breaking News

ആറു പേര്‍ക്ക് ജീവിതം തിരികെ നല്‍കി ആറ്റിങ്ങല്‍ സ്വദേശി സാരംഗ്

സാരംഗ്

ആറ്റിങ്ങല്‍: അവയവദാനത്തിലൂടെ ആറു പേര്‍ക്ക് ജീവിതം തിരികെ നല്‍കി ആറ്റിങ്ങല്‍ സ്വദേശിയായ സാരംഗ്. ഓട്ടോറിക്ഷ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സാരംഗ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് സാരംഗിന്റെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഈ മാസം 13 ന് വൈകിട്ട് മൂന്നരയോടെയാണ് ഓട്ടോറിക്ഷ അപകടത്തില്‍ സാരംഗിന് ഗുരുതരമായി പരിക്കേറ്റത്. സാരംഗ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് മറിയുകയായിരുന്നു. ഓട്ടോറിക്ഷയില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ സാരംഗിന്റെ തല റോഡില്‍ ഇടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. ആലംകോട് വഞ്ചിയൂര്‍ നികുഞ്ജത്തില്‍ പി.ബിനേഷ്‌കുമാര്‍, ജി.ടി.രജനി ദമ്പതികളുടെ മകനായ സാരംഗ് ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷാഫലം കാത്തിരിക്കവെയാണ് വിധി സാരംഗിന്റെ ജീവന്‍ കവര്‍ന്നെടുത്തത്. മസ്തിഷക മരണം സ്ഥിരീകരിച്ചതോടെ സാരംഗിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം അറിയിക്കുകയായിരുന്നു. രണ്ട് വൃക്കകള്‍, കരള്‍, ഹദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവ ദാനം നല്‍കിയതിലൂടെ ആറു പേര്‍ക്കാണ് ജീവിതം തിരികെ ലഭിക്കുന്നത്.

സാരംഗിന്റെ മൃതദേഹത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ഇന്ന് പന്ത്രണ്ട് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി മെഡിക്കല്‍ കോളേജില്‍ എത്തിച്ച സാരംഗിന്റെ മൃതദേഹത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഒരു മണിയോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. കേരള സര്‍ക്കാരിന്റെ മൃതസജ്ഞീവിനി പദ്ധതിയിലൂടെയാണ് സാരംഗിന്റെ അവയവങ്ങള്‍ ദാനം ചെയ്തത്. കല്ലമ്പലം കെ.ടി.സി.ടി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി യസ്വന്ത് സാരംഗിന്റെ സഹോദരനാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *