

വര്‍ക്കല: വര്‍ക്കല പുന്നമൂട് സന്മാര്‍ഗ്ഗപ്രദായിനി ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്ക് നാളെ തുടക്കമാകും. നാളെ വൈകിട്ട് 4.30ന് കുരയ്ക്കണ്ണി തെക്ക് എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് സി.വി.വിജയകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി എസ്.സുരേഷ് കുമാര്‍ സ്വാഗതം പറയും. കലാ-സാംസ്‌കാരിക-സാഹിത്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.സതീശന്‍ നായര്‍ കൃതജ്ഞത രേഖപ്പെടുത്തും. ഗ്രന്ഥശാല ഭാരവാഹികളായ പി.വി.വിജയകുമാര്‍, പി.വി.സാബു, അജയകുമാര്‍, ഷിബു, സതീശന്‍ നായര്‍ എന്നിവര്‍ വര്‍ക്കല പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.




ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. ആഘോഷ പരിപാടികളുടെ ഭാഗമായി ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സുകള്‍, സംവാദങ്ങള്‍, കുടുംബശ്രീ സംഗമം, ഓണാഘോഷം, നഗരസഭാതല ക്വിസ് മത്സരം, മെഡിക്കല്‍ ക്യാമ്പ്, ബാലവേദി ക്യാമ്പ്, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. 1950-ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരാണ് സന്മാര്‍ഗ്ഗപ്രദായിനി ഗ്രന്ഥശാലയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ഗ്രന്ഥശാലയുടെ ആദ്യത്തെ പ്രസിഡന്റ് വേലുക്കുട്ടി നായരും സെക്രട്ടറി സദാശിവന്‍ നായരും ലൈബ്രേറിയന്‍ ഗോപാലകൃഷ്ണന്‍ നായരുമായിരുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ സാംസ്‌കാരികോത്സവത്തിന് ഏവരുടെയും പിന്തുണയുണ്ടാകണമെന്ന് ഗ്രന്ഥശാല ഭാരവിഹികള്‍ പത്രസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. ഉദ്ഘാടന പരിപാടികളുടെ ഭാഗമായി കവിയരങ്ങും സംഘടിപ്പിക്കും.



