Breaking News

ശബരിമല: സി.പി.എമ്മും ബി.ജെ.പിയും ഒറ്റക്കെട്ടെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

കല്‍പ്പറ്റ: ശബരിമല വിഷയത്തില്‍ സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒന്നിച്ച് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയരാഘവനും കെ.സുരേന്ദ്രനും പറയുന്നത് ഒരേ കാര്യമാണ്. രണ്ട് കൂട്ടരും മുസ്ലീം ലീഗിനേയും അതുവഴി മതന്യൂനപക്ഷങ്ങളേയും കടന്നാക്രമിക്കുന്നു. ബിജെപി -സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ആവര്‍ത്തനം ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകും- ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യേണ്ടെന്നാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും തീരുമാനം. ഇവര്‍ തമ്മിലുള്ള ഒത്തുകളിയുടെ തെളിവാണിത്. ഇരുവരുടേയും പുതിയ കൂട്ടുകെട്ടിന് തടസം നില്‍ക്കുന്നത് കൊണ്ടാണ് ശബരിമലയുടെ കാര്യം മിണ്ടാത്തതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തും.
സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന റിവ്യൂ ഹര്‍ജി വേഗത്തില്‍ എടുത്ത് തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തയ്യാറാണോയെന്ന് ചെന്നിത്തല ചോദിച്ചു. ‘യു.ഡി.എഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം മാറ്റികൊടുത്ത നടപടി പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ. പാര്‍ലമെന്റില്‍ വിശ്വാസ സംരക്ഷണത്തിന് നിയമ നിര്‍മാണത്തിനായി കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകുമോ. അതിന് സംസ്ഥാനത്തെ ബിജെപി നേതൃത്വം മുന്‍കൈ എടുക്കുമോ. നിയമം നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല.’-അദ്ദേഹം ചേദിച്ചു.
മുസ്ലീം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വര്‍ഗീയ കാര്‍ഡ് കളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഉമ്മന്‍ ചാണ്ടിയും താനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കുന്നതില്‍ എന്ത് മതമൗലിക വാദമാണുയരുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഭരണ നേട്ടങ്ങള്‍ ഒന്നും പറയാനില്ലാതെ, വര്‍ഗീയതില്‍ അഭയം തേടുന്ന മുഖ്യമന്ത്രിയേയും ഭരണകൂടത്തേയുമാണ് കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *