Breaking News

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കവര്‍ച്ച; ആക്രമണത്തിനിടെ യുവതി പുറത്തേക്ക് ചാടി

ബാബു

കോട്ടയം: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവതിയുടെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. ആക്രമണത്തിനിടെ യുവതി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി. ഇന്ന് രാവിലെ 10 മണിയോടെ ഗുരുവായൂരില്‍നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചറിലായിരുന്നു സംഭവം. മുളന്തുരുത്തിക്കും പിറവത്തിനും ഇടയില്‍ വച്ചായിരുന്നു യുവതി ആക്രമിക്കപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. നൂറനാട് കരിമാങ്കാവ് ശിവക്ഷേത്രത്തിന് സമീപം മാങ്കൂട്ടത്തില്‍ തെക്കതില്‍ ശശിയുടെ മകന്‍ ബാബുക്കുട്ടന്‍ എന്ന ബാബു(41) ആണ് യുവതിയെ ആക്രമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കുവേണ്ടി അന്വേഷണം നടക്കുകയാണ്.
മുളന്തുരുത്തിയില്‍നിന്ന് ട്രെയിനില്‍ കയറിയ യുവതി ചെങ്ങന്നൂരില്‍ ജോലി സ്ഥലത്തേക്ക് പോകവെയാണ് അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്.
യുവതി ട്രെയിനില്‍ കയറി കാഞ്ഞിരമറ്റം കഴിഞ്ഞതോടെ പ്രതി സ്‌ക്രൂ ഡ്രൈവര്‍ കാണിച്ച് കുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ ആഭരണങ്ങള്‍ ഊരിവാങ്ങിച്ചു. ആ സമയം കംപാര്‍ട്ട്‌മെന്റില്‍ ഈ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷവും പ്രതി യുവതിയെ ആക്രമിക്കാന്‍ തുനിഞ്ഞതോടെയാണ് യുവതി ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയത്. വാതിലിലെ കമ്പിയില്‍ പിടിത്തം കിട്ടിയ യുവതി കുറേ സമയം ട്രെയിനില്‍ തൂങ്ങിക്കിടന്ന ശേഷമാണ് താഴേക്ക് വീണത്.
വീഴ്ചയുടെ ആഘാതത്തില്‍ യുവതിയുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ്. റെയില്‍വേ പോലീസ് യുവതിയുടെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണെന്നും വിശദവിവരങ്ങള്‍ മൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷമേ അറിയാനാകൂവെന്നും എറണാകുളം റെയില്‍വേ പോലീസ് അറിയിച്ചു. പ്രതിക്കുവേണ്ടി വ്യാപക അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കോട്ടയം റെയില്‍വേ പോലീസും അറിയിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *