
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനം. ലോക്ക്ഡൗണ്‍ വേണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലും തീരുമാനമായിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് യോഗത്തില്‍ വിലയിരുത്തലുണ്ടായത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ കൂടുതലുള്ള ജില്ലകള്‍ അടച്ചിടാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടന്ന മന്ത്രിസഭ തീരുമാനം. എന്നാല്‍, സംസ്ഥാനത്തെ കോവിഡ് വ്യാപനം ഗുരുതരമാണെന്നും യോഗം വിലയിരുത്തി.
18 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിന് ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. 70 കോടി ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്‌സിനും വാങ്ങാനാണ് തീരുമാനം.
സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമേ ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്ന സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്രത്തെ അറിയിക്കും. സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് പോയാല്‍ അത് ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ കാര്യമായി ബാധിക്കുമെന്നും വിലയിരുത്തി. അതേ സമയം കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.