
വര്‍ക്കല: വര്‍ക്കല ഇടവയില്‍ സരസ്വതി ക്ഷേത്രത്തില്‍ മോഷണം. മോഷ്ടാവ് ഏഴായിരം രൂപയോളം കവര്‍ന്നതായാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച രാത്രി ഏഴര മണിക്കും ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇന്നലെ രാവിലെ 9 മണിക്കാണ് അയിരൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
പുലര്‍ച്ചെ അഞ്ചേമുക്കാലോടെ നടതുറക്കാനെത്തിയ ശാന്തിയാണ് മണ്ഡപത്തില്‍ സ്ഥാപിച്ചിരുന്ന സ്റ്റീല്‍ കാണിക്ക വഞ്ചി തകര്‍ക്കപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് ശാന്തി സംഭവം ബന്ധപ്പെട്ട ആള്‍ക്കാരെ അറിയിക്കുകയായിരുന്നു. കാണിക്ക വഞ്ചിയുടെ സമീപത്തുനിന്നും ഒരു സഞ്ചി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ കഴിഞ്ഞ പതിനൊന്ന് മാസമായി റിസീവര്‍ ഭരണത്തിന്‍ കീഴിലാണ് ഈ ക്ഷേത്രത്തില്‍ നടക്കുന്നത്.
