
വര്‍ക്കല: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി വര്‍ക്കല പോലീസില്‍ പരാതി നല്‍കി. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ റോജ(38) എന്ന യുവതിയാണ് ഭര്‍ത്താവ് പെരുങ്ങുഴി അഴൂര്‍ ശ്രീനിലയത്തില്‍ ബിനുവിനും ഭര്‍ത്താവിന്റെ മാതാവ് ശാന്തയ്ക്കും പിതാവ് ദേവദാസനുമെതിരെ പരാതി നല്‍കിയത്. 2006 ലായിരുന്നു ബിനുവിന്റെയും റോജയുടെയും വിവാഹം. എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഇവര്‍ തന്നെ വര്‍ഷങ്ങളായി നിരന്തരം പീഡിപ്പിക്കുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു.
വിവാഹ സമ്മാനമായി റോജയുടെ വീട്ടുകാര്‍ 48 പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ അതേ മാസം തന്നെ ഭര്‍ത്താവ് ബിനു തന്റെ ആഭരണങ്ങള്‍ ഊരി വാങ്ങി സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ട് തൃപ്തിപ്പെടാത്ത ബിനുവും മാതാവ് ശാന്തയും കൂടുതല്‍ പണത്തിനും സ്വര്‍ണ്ണത്തിനും വേണ്ടി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു- റോജ വിശദീകരിക്കുന്നു.

ബിനുവിന്റെ മാതാവ് റോജയെ സ്വന്തം വീട്ടില്‍കൊണ്ടാക്കാന്‍ പ്രേരിപ്പിക്കുകയും പിതാവ് ദേവദാസിന്റെ നിര്‍ദ്ദേശപ്രകാരം തന്നെ മര്‍ദ്ദിക്കുമായിരുന്നുവെന്നും റോജ വെളിപ്പെടുത്തി. ഇങ്ങനെയുള്ള പീഡനത്തിലൂടെ തന്റെ വീട്ടുകാരുടെ പക്കല്‍നിന്നും സ്ത്രീധനം കൂടാതെ എട്ട് ലക്ഷത്തോളം രൂപ കൈക്കലാക്കിയിട്ടുണ്ടെന്നും റോജ ബീക്കണ്‍ ന്യൂസിനോട് വെളിപ്പെടുത്തി. 2019-ല്‍ താന്‍ നേരിടുന്ന പീഡനത്തെ കുറിച്ച് ചിറയിന്‍കീഴ് പോലീസില്‍ നല്‍കിയ പരാതി രാഷ്ട്രീയ സ്വാധീനംമൂലം അവഗണിക്കപ്പെട്ടുവെന്നും റോജ ആരോപിക്കുന്നു.
ഇപ്പോള്‍ നല്‍കിയ പരാതിയും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അട്ടിമറിക്കപ്പെടുമോയെന്ന് ഭയപ്പെടുന്നതായും ഭര്‍ത്താവില്‍നിന്ന് തന്റെ ജീവനുതന്നെ ഭീഷണിയുണ്ടാവുമെന്ന ഭയം കാരണമാണ് ഇപ്പോള്‍ വീണ്ടും വര്‍ക്കല പോലീസില്‍ പരാതി നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി. നിരന്തരമായ പീഡനത്തില്‍ സഹികെട്ടതോടെ റോജ മൂന്ന് വര്‍ഷത്തോളമായി സ്വന്തം വീട്ടിലാണ് താമസം. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ ഇട്ട് കേസെടുത്തിട്ടുണ്ട്. റോജയുടെ ഭര്‍ത്താവ് ബിനുവിനെയും അയാളുടെ മാതാവിനെയും പിതാവിനെയും നോട്ടീസ് നല്‍കി സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വര്‍ക്കല പോലീസ് പറഞ്ഞു. 498-എ, 34 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.