

വര്‍ക്കല: വര്‍ക്കലയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. വര്‍ക്കല മുണ്ടയില്‍ രേവതിയില്‍ മണിലാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന വീടിന്റെ മുന്‍വാതില്‍ ചവിട്ടിപ്പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വീട് അടച്ചിട്ട് ഉടമസ്ഥന്‍ താല്‍ക്കാലികമായി മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ഉടമസ്ഥന്‍ അറിഞ്ഞത്. ഏകദേശം അന്‍പതിനായിരം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി ഉടമസ്ഥന്‍ വ്യക്തമാക്കി. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വിശദമായ പരിശോധനയെ തുടര്‍ന്ന് വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച കത്തി, ഉളി എന്നിവ പോലീസ് കണ്ടെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.






