

ആറ്റിങ്ങല്‍: എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ നിഷേധ രാഷ്ട്രീയം ജനമനസ്സുകളില്‍ ഒറ്റപ്പെട്ടു കഴിഞ്ഞെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. ആറ്റിങ്ങല്‍ കച്ചേരി ജങ്ഷനില്‍ എന്‍.ഡി.എ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറ്റിംഗ് എം.എല്‍.എയായ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെയും എം.പിയായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെയും ട്രാക്ക് റിക്കോര്‍ഡ് ജനങ്ങള്‍ക്കിടയില്‍ വിചാരണ ചെയ്യപ്പെടുമെന്നും കുമ്മനം പറഞ്ഞു.


രാജ്യത്ത് ആര് അധികാരത്തില്‍ വരുമെന്നതില്‍ പൊതുതിരഞ്ഞെടുപ്പിന് മുമ്പുതന്നെ ജനം വിധിയെഴുതിക്കഴിഞ്ഞെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്‍ പറഞ്ഞു. ആറ്റിങ്ങലിലും രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന് അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ രണ്ട് പക്ഷത്ത് മത്സരിക്കുന്ന എല്‍.ഡി.എഫ്-യു.ഡി.എഫ് കൂട്ടുകെട്ട് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞെന്ന് ജി.കൃഷ്ണകുമാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ അദ്ദേഹം പ്രകാശനം ചെയ്തു. ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, സംസ്ഥാനതല നേതാവ് അഡ്വ.എസ്.സുരേഷ്, ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അജി.എസ്.ആര്‍.എം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.




