Breaking News

വർക്കലയിൽ വനിതാ സഞ്ചാരികളെ ശല്യം ചെയ്തു; റിസോർട്ട് സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

വർക്കല: പാപനാശം കടൽത്തീരത്തെ സൗത്ത് ക്ലിഫിന് സമീപം വിനോദസഞ്ചാരത്തിനെത്തിയ വനിതാ സഞ്ചാരികൾക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാട്ടുകയും അവരുടെ ചിത്രങ്ങളും വീഡിയോകളും അനുമതിയില്ലാതെ പകർത്തി ശല്യം ചെയ്യുകയും ചെയ്ത സ്വകാര്യ റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ പോലീസിന്റെ പിടിയിലായി.

പാലച്ചിറ പട്ട്യാരത്തുംവിള സ്വദേശി വിനീത് (39) ആണ് അറസ്റ്റിലായത്. ഹൈദരാബാദ് സ്വദേശികളായ യുവതികൾക്കു നേരെയാണ് ഇയാൾ മോശമായി പെരുമാറിയതെന്ന് പോലീസ് അറിയിച്ചു.ജൂൺ 13-ന് ഉച്ചയ്ക്ക് 12.55 ഓടെ വർക്കല സൗത്ത് ക്ലിഫിന് താഴെയുള്ള ഏണിക്കര ബീച്ചിന് സമീപം സുഹൃത്തുക്കൾക്കൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതികളുടെ ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തുകയും ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ചേഷ്ടകൾ കാട്ടി ശല്യം ചെയ്യുകയും ചെയ്തതായാണ് പരാതി.

സംഭവത്തെ തുടർന്ന് യുവതികൾ പ്രതിയുടെ ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി ബീച്ച് ടൂറിസം പോലീസിന് കൈമാറി. തുടർന്ന് വർക്കല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ടൂറിസം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വർക്കല പോലീസിന് കൈമാറി.

യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 77, 79 വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *