Breaking News

ശക്തമായ മഴയിൽ വീട് ഇടിഞ്ഞു തകർന്നു; അപകട ഭീഷണിയിൽ കുടുംബം

കല്ലമ്പലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് നാവായിക്കുളം പഞ്ചായത്തിലെ വെട്ടിയറയിൽ വീട് ഭാഗികമായി ഇടിഞ്ഞ് തകർന്നു. വെട്ടിയറ ചരുവിളപുത്തൻ വീട്ടിൽ താമസിക്കുന്ന നീതുവിന്റെ വീടാണ് തകർന്നത്.

ശക്തമായ മഴയെ തുടർന്നുണ്ടായ ചോർച്ചയും ബലക്ഷയവും മൂലം വീടിന്റെ മേൽക്കൂരയും ചുമരിന്റെ ഭാഗങ്ങളും ഇടിഞ്ഞ് വീട്ടിനുള്ളിലേക്ക് വീഴുകയായിരുന്നു. സംഭവം നടന്ന സമയത്ത് ആ മുറിയിൽ ആരും കിടന്നുറങ്ങിയിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ല.

എന്നാൽ വീടിന്റെ മറ്റ് ചുമരുകൾക്കും വിള്ളലുകൾ രൂപപ്പെട്ടിട്ടുള്ളതിനാൽ ഏത് സമയവും കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതായി കുടുംബം ആശങ്കപ്പെടുന്നു. വീട് താമസയോഗ്യമല്ലാത്ത അവസ്ഥയിലായിട്ടും മറ്റൊരു സുരക്ഷിതമായ താമസ സൗകര്യം ഇല്ലാത്തതിനാൽ കുടുംബം അപകട ഭീഷണി നിലനിൽക്കുന്ന വീട്ടിൽ തന്നെയാണ് കഴിയുന്നത്.

മഴക്കാലം ശക്തമാകുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് കുടുംബത്തിന് സുരക്ഷിതമായ താമസ സൗകര്യവും ആവശ്യമായ സഹായങ്ങളും ഉറപ്പാക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉയർത്തിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *