
കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിനെ കെട്ടിത്തൂക്കിയത് കൂട്ടുപ്രതികളെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. പത്രസമ്മേളനത്തിലാണ് കെ.സുധാകരന്‍ ഈ ആരോപണം ഉന്നയിച്ചത്. സി.പി.എം നേതാവായ പനോളി വത്സനാണ് മന്‍സൂര്‍ കൊലക്കേസ് ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ചാര്‍ജ് ഉണ്ടായിരുന്ന സ്ഥലത്ത് പനോളി വല്‍സന്‍ വരാതിരുന്നത് സംശയകരമാണെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
വളയത്ത് ഒരു സി.പി.എം കാരന്റെ വീട്ടിലാണ് രതീഷ് ഉള്‍പ്പെടെയുള്ള മന്‍സൂര്‍ കൊലക്കേസിലെ പ്രതികള്‍ ഒളിവില്‍ താമസിച്ചത്. ഇവിടെവെച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഒരു പ്രാദേശിക നേതാവിനെതിരെയുണ്ടായ പരാമര്‍ശമാണ് തര്‍ക്കത്തിലേക്ക് നയിച്ചതും പ്രകോപനത്തിനിടയാക്കിയതും. ഇതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ രതീഷിനെ ആക്രമിക്കുകയായിരുന്നു. ബോധംകെട്ട രതീഷിനെ കെട്ടിത്തൂക്കുകയായിരുന്നു. നാട്ടില്‍നിന്ന് ലഭിക്കുന്ന വിവരം വെച്ചാണ് ഇത് പറയുന്നതെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.