Breaking News

മുകേഷിനെതിരെ ബലാല്‍സംഗത്തിന് കേസ്; ജാമ്യമില്ലാ വകുപ്പ്, സി.പി.എം സമ്മര്‍ദ്ദത്തില്‍

കൊച്ചി: നടനും സി.പി.എം നിയമസഭാംഗവുമായ മുകേഷിനെതിരെ ബലാല്‍സംഗത്തിന് കേസെടുത്ത് പോലീസ്. കൊച്ചി മരട് പോലീസാണ് മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. ഐ.പി.സി 376 (1) ബലാത്സംഗം, ഐ.പി.സി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐ.സി.പി 452 അതിക്രമിച്ച് കടക്കല്‍, ഐ.പി.സി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമ്മയില്‍ അംഗത്വവും സിനിമയില്‍ ചാന്‍സും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തില്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയരുന്നത് സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്. ഘടക കക്ഷികളില്‍നിന്നുപോലും ഈ ആവശ്യം ഉയരുന്നതാണ് സി.പി.എമ്മിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. സി.പി.ഐ നേതാവ് ആനി രാജ മുകേഷ് രാജി വയ്ക്കണമെന്ന ആവശ്യം ഇതിനോടകം ഉന്നയിച്ചുകഴിഞ്ഞു. സംവിധായകനും നടനുമായ രഞ്ജിത്തിന്റെ രാജിയിലേക്ക് നയിച്ചതിന് പിന്നിലും സി.പി.ഐയില്‍നിന്നു തന്നെ ഉയര്‍ന്ന പ്രതിഷേധ സ്വരമായിരുന്നു. എന്നാല്‍, ഈ നിമിഷം വരെ മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തില്‍ സി.പി.എം നിലപാട് മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

മുകേഷിന് പുറമേ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, കോണ്‍ഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജയസൂര്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തിട്ടുള്ളത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ഐ.പി.സി 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *