Breaking News

മുകേഷിനെ പിന്തുണച്ചു; കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന നടനും സി.പി.എം നിയമസഭാഗംവുമായ മുകേഷിനെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്ന സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപെട്ട തിരുത്തണമെന്നാണ് ബി.ജെ.പി സംസ്ഥാന നേതാക്കളുടെ നിലപാട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന വെളിപ്പെടുത്തലുകളോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ബി.ജെ.പി സംസ്ഥാന നേതാക്കളെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

മുകേഷിന്റെ രാജിക്കായി ബി.ജെ.പി പ്രത്യക്ഷമായി സമരമുഖത്തിറങ്ങുമ്പോഴാണ് മുകേഷിനെ സംരക്ഷിക്കുന്ന നിലപാടുമായി പാര്‍ട്ടി എം.പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ്‌ഗോപി രംഗത്തുവന്നിരിക്കുന്നത്. സുരേഷ് ഗോപിയുടെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനമെടുക്കുന്ന കേന്ദ്ര നേതൃത്വംതന്നെ അദ്ദേഹത്തെ നിയന്ത്രിക്കണമെന്നാണ് നേതാക്കളുടെ നിലപാട്. ഇന്നലെ സുരേഷ്‌ഗോപിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ കെ.സുരേന്ദ്രന്‍ ഇന്ന് വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. പാര്‍ട്ടി അനുമതി ഇല്ലെങ്കിലും അടുത്ത മാസം ആറിന് അഭിനയിക്കാന്‍ പോകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തിലും ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്.

മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി കടുത്ത വിരോധത്തിലാണ് പ്രതികരിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപി വിരിയിച്ച താമരയിലൂടെ സംസ്ഥാനത്താകെ നേട്ടമുണ്ടാക്കാനാകുമെന്നായിരുന്നു ബി.ജെ.പി കണക്ക് കൂട്ടല്‍. പക്ഷെ കേരളത്തിലാദ്യമായി ലോക്‌സഭയില്‍ ജയിച്ച ബി.ജെ.പി എം.പി പിന്നീട് പാര്‍ട്ടിയെ നിരന്തരം വെട്ടിലാക്കുകയാണ്. ഇതിനിടെ, സി.പി.എമ്മിന്റെ എം.എല്‍.എയെ ബി.ജെ.പിയുടെ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി സംരക്ഷിക്കുന്നത് കേരളത്തില്‍ സി.പി.എം-ബി.ജെ.പി സൗഹാര്‍ദ്ദത്തിന്റെ തെളിവാണെന്ന രീതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *