

ആറ്റിങ്ങല്‍: റഷ്യയിലെ പുടിനെ പോലെ ഏകാധിപതിയാകാനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോദിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആറ്റിങ്ങല്‍ പാര്‍ലമെന്റ് യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.


കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണം കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്. അതിന് പരിഹാരം കാണാന്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്ന അവസരം യുക്തിപൂര്‍വം വിനിയോഗിക്കും. കോവിഡ് കാലഘട്ടത്തില്‍ 3 വര്‍ഷം എം.പി ഫണ്ട് വെട്ടിക്കുറച്ചു, പക്ഷേ കിട്ടിയ ഫണ്ട് മുഴുവന്‍ മണ്ഡലത്തിനു വേണ്ടി വിനിയോഗിച്ച ഒരു സമ്പൂര്‍ണ പാര്‍ലമെന്റേറിയനാണ് അടൂര്‍ പ്രകാശ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ്റിങ്ങല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.അടൂര്‍ പ്രകാശ്, തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വര്‍ക്കല കഹാര്‍, മുന്‍ എം.പി പീതാംബരകുറുപ്പ്, ജി.സുബോധന്‍, ആര്‍.എസ്.പി നേതാവ് എറവൂര്‍ പ്രസന്ന കുമാര്‍, മറ്റ് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യു.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.




