Breaking News

വെട്ടൂരിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പൊതുകിണർ ;അടൂർ പ്രകാശ് എം.പി ഉദ്ഘാടനം നിർവഹിച്ചു

വർക്കല: വെട്ടൂരിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നിർമ്മിച്ച പൊതുകിണറിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് നിർവ്വഹിച്ചു. ഇന്ന് രാവിലെ വെട്ടൂർ ആശാൻ മുക്കിലാണ് പൊതുകിണറിൻറ്റെ ഉദ്ഘാടനം നടന്നത്. ഇന്നു രാവിലെ ആശാൻ മുക്കിൽ തയ്യാറാക്കിയ വേദിയിൽ പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പൊതുകിണറിന്റെ ഉദ്ഘാടനം. ആറ്റിങ്ങൽ വെപ്ക എന്ന പ്രവാസി കൂട്ടായ്മയും വെട്ടൂർ ആലാന്റെഴികം കുടുംബവും ചേർന്നാണ് മൂന്ന് ലക്ഷം രൂപ ചെലവിൽ പൊതുകിണർ നിർമ്മിച്ചത്. കുടിവെള്ളക്ഷാമം നേരിടുന്ന പതിനഞ്ചോളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
വെട്ടൂർ ബിനു സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്വ. അസിം ഹുസൈൻ അധ്യക്ഷത വഹിച്ചു.മുൻ എം. എൽ. എ വർക്കല കഹാർ, ബി.ആർ.എം ഷെഫീർ. അബ്ദുൾ ഹാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഒരു കുടുംബവും സാംസ്കാരിക സംഘടനയും ചേർന്ന് കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അടൂർപ്രകാശ് എം.പി പറഞ്ഞു. വളരെ താഴ്ച്ചയുള്ള കിണർ ആണിത്. ഇതിൽ നിന്ന് വെള്ളം കോരുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഒരു വാട്ടർ ടാങ്ക് നിർമിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കിയാൽ വാട്ടർടാങ്ക് നിർമ്മിക്കുന്നതിനുള്ള തുക എം.പി ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
താൻ എം. എൽ. എ ആയിരുന്നപ്പോൾ കക്ഷിരാഷ്ട്രീയ വേർതിരിവില്ലാതെ യാണ് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി എം.എൽ.എ ഫണ്ട് വിനിയോഗിച്ചതെന്ന് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് മുൻ എം.എൽ.എ വർക്കല കഹാർ പറഞ്ഞു. തന്റെ ശ്രമഫലമായി കൊണ്ടുവന്ന കാക്കക്കുഴി പദ്ധതി, ഫിഷർമാൻ കുടിവെള്ളപദ്ധതി എന്നിവയുടെ പ്രയോജനം ജനങ്ങൾക്ക് വേണ്ട രീതിയിൽ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവത്തിന്റ്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് കുടിവെള്ളമെന്ന് ബി. ആർ. എം ഷെഫീർ പറഞ്ഞു. ഈ പൊതുകിണർ നിർമ്മിച്ച് ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ തയ്യാറായ പ്രവാസി കൂട്ടായ്മയ്ക്കും കുടുംബ കൂട്ടായ്മയ്ക്കും പ്രത്യേകം അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വെപ്ക പ്രവാസി കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത് ലിജു, അർഷാദ്, ഫൈസൽ, ഗഫാർ, നാസ്, ലിനു തുടങ്ങിയവരാണ്. സലിജ, മുജീസ്, ഷിസു, കരീം തുടങ്ങിയവരാണ് ഈ കൂട്ടായ്മയുടെ നാട്ടിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *