

വർക്കല: ചെമ്മരുതി പഞ്ചായത്തിൽ വീടിൻറെ മേൽക്കൂര അപ്പാടെ പൊളിഞ്ഞുവീണു. നരിക്കല്ലുമുക്ക് വടശ്ശേരിക്കോണം പള്ളിക്കുമിടയിൽ ആലുംമൂട്ടിൽ ബാബുവിൻറെ വീടിൻറെ മേൽക്കൂരയാണ് നിലംപൊത്തിയത്. കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്ത് ഓടിട്ട വീടാണിത്. കാലപ്പഴക്കത്താൽ ഓടിട്ട ഭാഗത്തെ മേൽക്കൂര ദ്രവിച്ച അവസ്ഥയിലായിരുന്നു. ബാബുവിന്റെ ഭാര്യ
സുജാത മകനായ സജിത്ത്, വിജി, മൂന്നുവയസ്സുള്ള കൊച്ചുമകൻ എന്നിവരായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. വീടിൻറെ ഹാളും ഒരു മുറിയും അടുക്കളയും ഉൾപ്പെട്ട ഓടിട്ട ഭാഗത്തെ മേൽക്കൂരയാണ് പൊളിഞ്ഞുവീണത്. ഈ മുറിയിലായിരുന്നു വിജിയും കുഞ്ഞും കിടന്നിരുന്നത്. പുലർച്ചെയായിരുന്നു സംഭവം എന്നതിനാൽ വീട്ടുകാർ എല്ലാം നല്ല ഉറക്കത്തിലായിരുന്നു. മേൽക്കൂര പൊളിഞ്ഞു വീണ ശബ്ദം കേട്ട് ഞെട്ടി ഉണരുകയായിരുന്നു വീട്ടുകാർ. പൊളിഞ്ഞു വീണ മേൽക്കൂരയുടെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ട വിജിയും കുഞ്ഞും അത്ഭുതകരമായാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.

ബാബുവിൻറെ മകൻ സജിത്ത് വീടിനു മുകളിലൂടെ താഴേക്കിറങ്ങിയാണ് സഹോദരിയെയും കുഞ്ഞിനെയും പുറത്തേക്ക് എത്തിച്ചത്. ചെമ്മരുതി പഞ്ചായത്ത് പ്രസിഡൻറ് പ്രിയങ്കാ സിറിൽ വിവരമറിയിച്ചതനുസരിച്ച് എംഎൽഎ അഡ്വക്കേറ്റ് വി ജോയ് സ്ഥലത്തെത്തി. വില്ലേജ് ഓഫീസറും എത്തിയിരുന്നു. ജില്ലാ കളക്ടറുമായി സംസാരിച്ചു വേണ്ട സഹായം സുജാതയും കുടുംബത്തിനും എത്തിക്കുമെന്ന് ജോയി എംഎൽഎ പറഞ്ഞു.