
വർക്കല : ചോദ്യംചെയ്യാൻ വിളിപ്പിച്ച 40 കാരിയുടെ ആത്മഹത്യാ ഭീഷണിയിൽ വട്ടംകറങ്ങി വർക്കല സ്റ്റേഷനിലെ പൊലീസുകാർ. വെട്ടൂർ സ്വദേശിനി ജെസീനയാണ് സ്റ്റേഷന് മുന്നിലെ മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി പോലീസുകാരെ മുൾമുനയിൽ നിർത്തിയത്. മോഷണ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.. രാവിലെ 11 മണിയോടെയാണ് ജെസീന സ്റ്റേഷനിലെത്തിയത് ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷം ഇവരെ വിട്ടയക്കുകയായിരുന്നു. എന്നാൽ ജസീന തിരിച്ചു പോകുന്നതിനു പകരം പോലീസ്റ്റേഷന് മുന്നിലെ മരത്തിനു മുകളിലേക്ക് വലിഞ്ഞു കയറുകയായിരുന്നു. മരത്തിനു മുകളിലേക്ക് കയറിയ ഇവർ അവിടെ നിന്നുകൊണ്ട് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഫയർ ആൻഡ് റീസ്ക്യു ടീം സ്ഥലത്തെത്തി വല ഒരുക്കി സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. തുടർന്ന് ഫയർ ആൻഡ് റീസ്ക്യു ഉദ്യോഗസ്ഥർ മരത്തിൽ കയറി സ്ത്രീയെ താഴെ ഇറക്കുക ആയിരുന്നു. വർക്കല സി .ഐ .ദ്വിജേഷ് , ഡി .വൈ .എസ്.പി. ബാബുകുട്ടൻ എന്നിവർ സ്ത്രീയെ അനുനയിപ്പിച്ച് സമാധാന ശ്രമങ്ങൾ തുടർന്നു. തുടർന്ന് ഡി .വൈ .എസ്.പി. എത്തി സ്ത്രീയോട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. താൻ നിരപരാധി ആണെന്നാണ് ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയുടെ പക്ഷം. വർക്കല മേൽവെട്ടൂരിൽ അടുത്ത കാലത്തായി നിരവധി വീടുകളിൽ നിന്നായി ലക്ഷങ്ങളുടെ മോഷണമാണ് നടന്നത്. മേൽവെട്ടൂർ കയറ്റാപ്പീസിന് സമീപത്തുള്ള നാലോളം വീടുകളിലാണ് മോഷണം നടന്നത്. തുഷാരയിൽ സുഗുണന്റെ വീട്ടിൽ നിന്ന് 6 പവനും 6000 രൂപയും നഷ്ടമായി. കൂടാതെ സബി നിവാസിൽ ജയ്ന ശശാങ്കന്റെ വീട്ടിൽ നിന്ന് 23 പവനും 4 വാച്ചും, കവിത വിലാസത്തിൽ ഗോപിനാഥന്റെ വീട്ടിൽ നിന്നും 37000 രൂപയും രണ്ടര പവൻ സ്വർണവും, ചരുവിള വീട്ടിൽ ശ്യാമളയുടെ ഒന്നര ലക്ഷം രൂപയും മൂന്നര പവൻ സ്വർണവുമാണ് നഷ്ടമായത്. ഈ വീടുകളുമായി അടുത്ത ബന്ധമുള്ള നാട്ടുകാരിൽ ചിലരാണ് മോഷണത്തിന് പിന്നിലെന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ ഇത്രയും മോഷണം നടന്നിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടായില്ല എന്നും പരാതി ഉയർന്നിരുന്നു. വ്യാപകമാകുന്ന മോഷണം തടയണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും ഐജിക്കും ഡിവൈഎസ്പിക്കും ഉൾപ്പെടെ ഇവർ പരാതി നൽകിയ സാഹചര്യത്തിൽ വർക്കല പോലീസ് ആരംഭിച്ചിരുന്നു.





