

വര്‍ക്കല: വര്‍ക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കരുനിലക്കോട് കലാനിലയത്തില്‍ 24 വയസ്സുള്ള സംഗീത് ആണ് മരണപ്പെട്ടത്. രണ്ട് പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. സംഗീതനൊപ്പം ബൈക്കില്‍ പിന്‍സീറ്റില്‍ ഇരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.

സംഗീതിന്റെ തലയിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ കരുനിലക്കോട് അമ്പലമുക്കിലാണ് അപകടം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീനന്ദ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ഇടവ സ്വദേശി മനോജി(24)നെ വര്‍ക്കല പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സംഗീതിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. മൃതദേഹം കരുനിലക്കോട് ജംഗ്ഷനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംഗീതിന്റെ പിതാവ് സുജാതന്‍ ഒരു വര്‍ഷം മുമ്പ് മരണപ്പെട്ടു. മാതാവ് ശ്രീകല അംഗന്‍വാടി അധ്യാപികയാണ്. സുജാതന്‍-ശ്രീകല ദമ്പതികളുടെ ഏക മകനാണ് മരണപ്പെട്ട സംഗീത്.

