Breaking News

മണമ്പൂരില്‍ 52 കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: അഞ്ച് പ്രതികള്‍ അറസ്റ്റില്‍

അറസ്റ്റിലായ പ്രതികള്‍

കല്ലമ്പലം: മണമ്പൂരില്‍ 52 കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍. മണമ്പൂര്‍ ഗുരുനഗര്‍ ശ്രീമംഗലം വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ റിനു, മണമ്പൂര്‍ കുഴിവിള വീട്ടില്‍ ബാബുലാലിന്റെ മകന്‍ ഷൈബു, മണമ്പൂര്‍ ആതിര വിലാസത്തില്‍ അനില്‍കുമാറിന്റെ മകന്‍ അനീഷ്, മണമ്പൂര്‍ കെ.എ.ഭവന്‍ നിര്‍മ്മല സേനന്റെ മകന്‍ അനീഷ്, ഒറ്റൂര്‍ മംഗലത്തുകുന്ന് വീട്ടില്‍ വിനോദ് കുമാറിന്റെ മകന്‍ വിശാഖ്.വി.വിനോദ് എന്നിവരെയാണ് കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28 ന് രാവിലെ പത്ത് മണിയോടെയാണ് മണമ്പൂര്‍ ശങ്കരന്‍മുക്ക് ശിവശൈലം വീട്ടില്‍ സദാശിവന്റെ മകന്‍ ബൈജു(52)വിനെ വീടിന് മുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ഓടിക്കൂടി ബൈജുവിനെ മണമ്പൂര്‍ പി.എച്ച്.സിയില്‍ എത്തിച്ചെങ്കിലും 11 മണിയോടെ മരണപ്പെടുകയായിരുന്നു. ബൈജുവിന്റെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. തുടര്‍ന്ന് കടയ്ക്കാവൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

മണമ്പൂര്‍ ജംഗ്ഷന് സമീപം ജെ.സി.ബിയും ടിപ്പര്‍ ലോറികളുമൊക്കെ പാര്‍ക്ക് ചെയ്യുന്ന യാര്‍ഡില്‍ രാത്രി സമയത്തുള്ള പ്രതികളുടെ മദ്യപാനം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. പ്രതികളും ബൈജുവും തമ്മില്‍ കഴിഞ്ഞ 27 ന് രാത്രി 11 മണിയോടെ ഇതോച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് പ്രതികള്‍ ബൈജുവിനെ തിരക്കിയെത്തി വീണ്ടും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഈ വാക്കുതര്‍ക്കം മര്‍ദ്ദനത്തിലേക്ക് നീണ്ടു. ബൈജുവിന്റെ തലയ്ക്ക് പിന്നില്‍ പ്രതികള്‍ ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ ബൈജുവിനെ പ്രതികള്‍ വീടിന് മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതെന്നാണ് സൂചന. പ്രതികള്‍ ബൈജുവിനെ വീടിന് മുന്നില്‍ കൊണ്ടിടുന്നതും അതിനുശേഷം വന്ന് ബൈജുവിനെ നിരീക്ഷിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഫോറന്‍സിക് സംഘം സംഭവ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *