Breaking News

ഛായാഗ്രാഹകന്‍ അയ്യപ്പന്‍ ഓര്‍മ്മയായി

വി.ആര്‍.അജിത് കുമാര്‍

അയ്യപ്പന്‍

കേരളത്തിലെ പ്രമുഖ ഛായാഗ്രാഹകരില്‍ ഒരാളായ അയ്യപ്പന്‍ വിടപറഞ്ഞു. ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ സീനിയര്‍ ക്യാമറമാനായിരുന്ന ഇദ്ദേഹത്തെ ഞാന്‍ പരിചയപ്പെടുന്നത് പ്രസിദ്ധ സംവിധായകനായ നൂറനാട് രാമചന്ദ്രന്‍ വഴിയാണ്. ഞാന്‍ സ്‌ക്രിപ്റ്റ് എഴുതി നൂറനാട് സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും ക്യാമറ ചലിപ്പിച്ചിരുന്നത് അയ്യപ്പനാണ്. വളരെ നിശബ്ദനായ ഒരു മനുഷ്യന്‍. അത്യാവശ്യം മാത്രം സംസാരിക്കും, മറ്റുള്ളവര്‍ പറയുന്നത് കേട്ടിരിക്കും, ആസ്വദിക്കും, ചിരിക്കും. നൂറനാടനെപോലെതന്നെ ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത,ലോബി ചെയ്യാനറിയാത്ത ഒരു കലാകാരന്‍. അതുകൊണ്ടുതന്നെയാകാം എനിക്കും അദ്ദേഹത്തോട് ഒരിഷ്ടം തോന്നിയത്. പലവട്ടം നേമത്തെ വീട്ടില്‍ പോവുകയും സംസാരിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബക്ഷേത്രമായിരുന്നു സ്വന്തം കുടുംബത്തേക്കാളും ജോലിയേക്കാളും അദ്ദേഹത്തിന് പ്രധാനം എന്നെനിക്ക് തോന്നിയിട്ടുണ്ട്. ചെറുപ്പത്തിലേ ലഭിച്ച വിശ്വാസത്തിന്റെ ആഴമാകാം. ഭാര്യയുടെ വേര്‍പാട് അദ്ദേഹത്തെ ഏറെ ദു:ഖിതനാക്കിയിരുന്നു.

നൂറനാടും അയ്യപ്പനും തമ്മില്‍ ഒരു പ്രത്യേക രസതന്ത്രമുണ്ടായിരുന്നു. അവര്‍ രണ്ടുപേരും ബഹളങ്ങളില്ലാതെ ഷൂട്ട് ചെയ്യുന്നവരാണ്.ഷൂട്ടിന് മുന്നെ രണ്ടുപേരും മാത്രമായി ഒരടക്കം പറച്ചിലുണ്ട്. അതുകഴിഞ്ഞാല്‍ പിന്നെ ഷൂട്ടാണ്. സംവിധായകന്‍ എന്താണോ ഉദ്ദേശിച്ചത് അത് കൃത്യമായി അയ്യപ്പന്‍ ഒപ്പിയെടുത്തിരിക്കും. റീഷൂട്ടൊക്കെ വളരെ അപൂര്‍വ്വം. പോലീസ് വകുപ്പിനുവേണ്ടി മര്‍ഡര്‍ എന്നൊരു ഷോര്‍ട്ട്ഫിലിം ചെയ്തിരുന്നു. അന്നായിരുന്നു ഞങ്ങള്‍ ആദ്യമായി കണ്ടത് എന്നാണ് എന്റെ ഓര്‍മ്മ. അയ്യപ്പന് സമയമുണ്ടെങ്കിലേ നൂറനാട് ഷൂട്ട് ചെയ്യുമായിരുന്നുള്ളു. മറ്റൊരാളെ വച്ച് ഷൂട്ട് നടത്തിയതായി തോന്നുന്നില്ല. അത്രമാത്രം ഇഴചേര്‍ന്നതായിരുന്നു അവരുടെ കൂട്ടുകെട്ട്.

നൂറനാട് രാമചന്ദ്രന്റെ ‘അച്ഛന്‍ പട്ടാളം (സംസ്ഥാന അവാര്‍ഡ് ചിത്രം), ജോര്‍ജ്കിത്തു സംവിധാനം ചെയ്ത ‘ശ്രീരാഗം’, കെ. എസ്. ശശിധരന്‍ സംവിധാനം ചെയ്ത ‘കാണാതായ പെണ്‍കുട്ടി, ആലപ്പി അഷറഫിന്റെ ‘ഇണപ്രാവുകള്‍’ അനിലിന്റെ ‘പോസ്റ്റ് ബോക്‌സ് നമ്പര്‍ 27’, പി. ആര്‍. എസ്. ബാബുവിന്റെ അനഘ, പൊന്നരഞ്ഞാണം , പ്രകാശ് കോളേരിയുടെ കുളത്തൂര്‍ മിത്രന്റെ ‘വരും വരാതിരിക്കില്ല ഉണ്ണി’ കൊടി തൂക്കി മലയിലെ കൂട്ടുകാര്‍, വെങ്ങാനൂര്‍ സതീഷിന്റെ ‘കൊച്ചനുജത്തി’ തുടങ്ങി ഒട്ടേറെ ഫീച്ചര്‍ ഫിലുമുകള്‍ക്കും ടെലി സീരിയലുകള്‍ക്കും ഛായാഗ്രാഹകന്‍ ആയിരുന്നു. ഷാജി എന്‍. കരുണ്‍, കെ. ആര്‍. മോഹനന്‍ , ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *