

തിരുവനന്തപുരം: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍(ഐ.എസ്) ചേരാന്‍ കവര്‍ച്ച നടത്തിയ തൃശ്ശൂര്‍ സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. തൃശൂര്‍ മതിലകത്ത് കോടയില്‍ ആഷിഫി(36)നെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഐ.എസില്‍ ചേരാനുള്ള പണം സ്വരൂപിക്കാനാണ് ഇയാള്‍ കവര്‍ച്ചയിലേക്ക് തിരിഞ്ഞത്. അടുത്തിടെ കേരളത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണക്കടത്തിലും സംഘത്തിന് പങ്കെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പെറ്റ് ലവേര്‍സ് എന്ന പേരില്‍ ടെലിഗ്രാമില്‍ ഗ്രൂപ്പുണ്ടാക്കിയാണ് ഇയാള്‍ കവര്‍ച്ചാ സംഘത്തിലേക്ക് ആളുകളെ ചേര്‍ത്തിരുന്നത്.

സംഭവത്തില്‍ മൂന്ന് പേര്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലാണ്. പാലക്കാടുനിന്ന് 30 ലക്ഷത്തോളം രൂപയാണ് ആഷിഫും സംഘവും കവര്‍ച്ച ചെയ്തത്. തുടര്‍ന്ന് സത്യമംഗലം വനമേഖലയില്‍ ഒളിവില്‍ പോവുകയായിരുന്നു. ഇവിടെനിന്നാണ് ആഷിഫിനെ എന്‍.ഐ.എ പിടികൂടിയത്. കൊച്ചി എന്‍.ഐ.എ യൂണിറ്റിനാണ് കേസിന്റെ അന്വേഷണ ചുമതല. ആഷിഫും സംഘവും പൊതുമേഖലാ ബാങ്ക്, സഹകരണ സംഘം, ജ്വല്ലറി എന്നിവിടങ്ങളിലും കവര്‍ച്ച നടത്താന്‍ പദ്ധതി തയാറാക്കിയിരുന്നു.

ഭീകരപ്രവര്‍ത്തനത്തിന് കവര്‍ച്ച നടത്തി പണം കണ്ടെത്തുകയായിരുന്ന ആഷിഫ് കഴിഞ്ഞ മൂന്ന് മാസമായി എന്‍.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. സത്യമംഗലം വനമേഖലയിലെ ഭവാനിസാഗര്‍ പ്രദേശത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ഇയാള്‍. ആഷിഫ് ഒരു കൊലക്കേസിലും പ്രതിയാണ്. എ.ടി.എം കവര്‍ച്ച, ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് അടക്കം വന്‍കിട മോഷണങ്ങള്‍ ആഷിഫും സംഘവും ആസൂത്രണം ചെയ്തിരുന്നു. പാടൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്നും വിവരമുണ്ട്.