

”ഭാരതമെന്ന പേര്‍ കേട്ടാലഭിമാന-
പൂരിതമാകണമന്തരംഗം
കേരളമെന്ന പേര്‍ കേട്ടാലോ
തിളയ്ക്കണം ചോര ഞരമ്പുകളില്‍”
മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ വരികള്‍ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകുന്ന രംഗമാണ് ഇന്ന് രാവിലെ തുമ്പ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററില്‍ കണ്ടത്. ഒരു കേരളീയനെ സംബന്ധിച്ചിടത്തോളം ഭാരതത്തിന്റെയും കേരളത്തിന്റെയും അഭിമാനം ഒന്നിച്ചൊരുപോലെ വാനോളമുയര്‍ന്ന നിമിഷങ്ങളായിരുന്നു ഭാരതത്തിന്റെ ഗഗനചാരികളെ പ്രഖ്യാപിച്ച ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗനചാരികളെ പ്രഖ്യാപിച്ചത്. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനാണ് ഭാരത്തിന്റെ മനുഷ്യനെ വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ സംഘത്തെ നയിക്കുന്നത്. പ്രശാന്ത് ബാലകൃഷ്ണനെ കൂടാതെ ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. നാല് പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു.


1999-ല്‍ വ്യോമസേനയില്‍ ചേര്‍ന്ന പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ഇപ്പോള്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഗഗന്‍യാന്‍ സംഘത്തിലെ നാലുപേരും ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റുമാരാണ്. ഇവരില്‍ മൂന്നുപേരാണ് ബഹിരാകാശത്തേക്ക് പോവുക. തുമ്പ വി.എസ്.എസ്.സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ഭാരതത്തിന്റെ ഗഗനചാരികളെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഗഗന്‍യാന്‍ പദ്ധതിയുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. വി.എസ്.എസ്.സിയിലെ പുതിയ ട്രൈസോണിക് വിന്‍ഡ് ടണല്‍, മഹേന്ദ്രഗിരി പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലെ സെമി ക്രയോജനിക് ഇന്റഗ്രേറ്റഡ് എഞ്ചിന്‍ ആന്‍ഡ് സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എല്‍വി ഇന്റഗ്രേഷന്‍ ഫെസിലിറ്റി. എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥ് എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.


നാം ഇനിയും ചന്ദ്രനിലേക്ക് പോകുമെന്നും 2035 ല്‍ ഭാരത്തിന്റെ സ്‌പെയ്‌സ് സ്റ്റേഷന്‍ സാധ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭാരതത്തിന്റെ സ്വന്തം റോക്കറ്റില്‍ ഭാരതീയര്‍ ചന്ദ്രന്റെ മണ്ണില്‍ ഇറങ്ങുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തിന് വലിയ മുതല്‍ക്കൂട്ടാകാന്‍ പോകുന്ന മൂന്ന് പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ പരിപാടിക്കുശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ നരേന്ദ്ര മോദി പങ്കെടുത്തു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിക്കുന്ന 400 സീറ്റുകളില്‍ കേരളത്തില്‍നിന്ന് പ്രാതിനിധ്യം ഉണ്ടാകുമെന്ന് മോദി പറഞ്ഞു. കേരളത്തിലെ എന്റെ സഹോദരീ സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്.
