Breaking News

ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസ്: വധശിക്ഷയില്ല; 6 പ്രതികളുടെ ശിക്ഷാ കാലാവധി കൂട്ടി

കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസില്‍ പ്രതികളുടെ ശിക്ഷാ കാലാവധി കൂട്ടി ഹൈക്കോടതി ഉത്തരവ്. കേസില്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചു. എം.സി.അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍.കെ.സുനില്‍ കുമാര്‍ (കൊടി സുനി), ടി.കെ.രജീഷ്, എം.കെ.മുഹമ്മദ് ഷാഫി, കെ.ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്. വിചാരണക്കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. ഇതാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയത്. അതേസമയം, പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ കോടതിയുടെ നിലപാട്.

ആറാം പ്രതി എസ്.സിജിത്തിന് ജീവപര്യന്തം തടവിനൊപ്പം ആറ് മാസത്തെ തടവും കോടതി വിധിച്ചു. ഏഴ് വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് ശിക്ഷാകാലയളവില്‍ യാതൊരു ആനുകൂല്യവും നല്‍കരുതെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. പത്താം പ്രതിയായ മുന്‍ ഒഞ്ചിയം ഏരിയ കമ്മിറ്റി കെ.കെ.കൃഷ്ണന്‍ കൊലപാതക ഗൂഡാലോചനയില്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തി. കെ.കെ.കൃഷ്ണനെയും പന്ത്രണ്ടാം പ്രതിയായ ജ്യോതി ബാബുവിനെയും ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് ഇരുവര്‍ക്കും പരോളിനായി അപേക്ഷിക്കാമെന്നും ഹൈക്കോടതി വിധിച്ചു. കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ ഹൈക്കോടതി പുതുതായി കുറ്റക്കാരണെന്ന് കണ്ടെത്തിയവരാണ്.

ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ജനാധിപത്യത്തിനും നിയമവാഴ്ചക്കും നേരെയുണ്ടായ ആക്രമണമെന്നാണ് പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണിത്. രാഷ്ട്രീയ കൊലപാതകങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും ഇത്തരം കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കിയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരമാര്‍ശം. ജയിലില്‍ വച്ച് അടി ഉണ്ടാക്കിയ ആളുകള്‍ക്ക് എങ്ങനെ നവീകരണം ഉണ്ടാകുമെന്നും കോടതി ആരാഞ്ഞു. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ അസാധാരണമല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

ഇനി തനിക്ക് ഭീഷണിയില്ലാതിരിക്കാനുള്ള വിധി വേണമെന്നാണ് കെ.കെ.രമയുടെ ആവശ്യം. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളോട് വധശിക്ഷ അടക്കം നല്‍കാതിരിക്കാന്‍ കാരണം എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്നും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസിക്കാന്‍ അവനുവദിക്കണമെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമായിരുന്നു പ്രതികളുടെ വാദം. അതേസമയം, പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതികളുടെ മാനസിക, ശാരീരിക നില പരിശോധിച്ച ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹൈക്കോടതി വിധി സി.പി.എമ്മിന് രാഷ്ട്രീയ പ്രത്യാഘാതം സൃഷ്ടിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *