Breaking News

സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടാന്‍ സാധ്യത: സ്വാഗതാര്‍ഹമെന്ന് സഭാ നേതൃത്വം

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമെന്ന് സൂചന. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മിസ്സോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. സുപ്രീംകോടതി വിധി വന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും സഭാതര്‍ക്കം ഇപ്പോഴും സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ കീറാമുട്ടിയായി തുടരുകയാണ്.
‘സഭതര്‍ക്കത്തിന്റെ എല്ലാ വിശദാംശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചു. തര്‍ക്കമുള്ള രണ്ട് സഭാനേതൃത്വങ്ങള്‍ ഉന്നയിച്ച പരാതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നതിന് വിവേചനം നേരിടുന്നുണ്ടെന്ന് സഭാ നേതൃത്വം പരാതിയില്‍ പറയുന്നു. 80:20 എന്ന രീതിയിലാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് വിവേചനപരമാണ്. ഈ വിഷയം പ്രധാനമന്ത്രിയെ അറിയിച്ചു’- ശ്രീധരന്‍പിള്ള വ്യക്തമാക്കി. സഭാ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്മസിന് ശേഷമാകും പരിഹാരമുണ്ടാവുകയെന്ന സൂചനയും അദ്ദേഹം നല്‍കി.
ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ നേതൃത്വങ്ങള്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്. നീതിപൂര്‍വമായ പരിഹാരം ഉണ്ടാവണമെന്നും സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും യാക്കോബായ സഭയുടെ ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി.
നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇടപെടലുകളെ ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്യുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചു. നിയമത്തേയും സുപ്രീം കോടതിയേയും ഓര്‍ത്തഡോക്സ് സഭ ബഹുമാനിക്കുന്നു. സഭാതര്‍ക്കത്തില്‍ ശാശ്വത പരിഹാരം ഉണ്ടാവാനായി നിയമനുസൃതമായ എല്ലാ ഇടപെടലുകളേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *